‘പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും’; പാര്‍ട്ടിയെ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തകള്‍ തള്ളി പി പി ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി തരംതാഴ്ത്തൽ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ. പാർട്ടിയെ അതൃപ്തിയറിയിച്ചുവെന്ന മാധ്യമവാർത്തകൾ തെറ്റാണ്. താൻ പറയാത്ത കാര്യങ്ങൾ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താൻ ഉത്തരവാദിയല്ലെന്നും ദിവ്യ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം.
‘എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല .അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.’ എന്നാണ് ദിവ്യ കുറിച്ചത്.
പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. നടപടി പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാർട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി സെഷൻസ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നേതാക്കൾ ദിവ്യയെ കണ്ട് പാർട്ടി നടപടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു. തരംതാഴ്ത്തൽ നടപടിക്ക് മുമ്പായി തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല എന്നത് ചൂണ്ടിക്കാട്ടി ദിവ്യ അതൃപ്തി പ്രകടിപ്പിച്ചു എന്നായിരുന്നു റിപ്പോർട്ട്.