കുഞ്ഞുങ്ങളുടെ “ചിന്ന ചിന്ന ആശൈ” യാഥാർത്ഥ്യമാക്കാൻ പദ്ധതിയുമായി ഇടുക്കി കളക്ടർ
ചിൽട്രൻസ് ഹോമിലെ കുട്ടികൾക്കായി ശിശുദിന സമ്മാന പദ്ധതി
ഇടുക്കി: ചിൽട്രൻസ് ഹോമിലെ കുഞ്ഞുങ്ങളുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ” ചിന്ന ചിന്ന ആശൈ” പദ്ധതിയുമായി ഇടുക്കി കളക്ടർ. സർക്കാർ അംഗീകാരത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന 43 ചൈൽഡ് ഹോമുകളിൽ വിവിധ കാരണങ്ങളാൽ എത്തപ്പെട്ട 644 പെൺകുട്ടികളുടെയും 444 ആൺകുട്ടികളുടെയും ചുണ്ടിൽ പുഞ്ചിരി വിരിയിക്കാനുള്ള ശ്രമമാണ് “ചിന്ന ചിന്ന ആശൈ” എന്ന പദ്ധതി. കുട്ടികളുടെ ആഗ്രഹങ്ങൾക്ക് നിറം പകരാൻ കഴിയുന്നവർ മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിച്ചുള്ള വീഡിയോ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി.
: 644 പെൺകുട്ടികളും
444 ആൺകുട്ടികളും
ജില്ലയിൽ വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള 43 ചൈൽഡ് ഹോമുകളിലെ കുട്ടികളിൽ നിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ idukki.nic.in സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ നോട്ടീസ് ടാബിലെ അറിയിപ്പുകൾ ഓപ്‌ഷനോ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ പേര് വിവരങ്ങൾ ഉണ്ട്. ഇതിൽ നിന്നും താല്പര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ പ്രസ്തുത ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ലഭിക്കും. ആ പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐ ഡി നമ്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര് , ഫോൺ നമ്പർ , വിലാസം എന്നിവ നൽകണം.
: സമാനം എങ്ങനെ നൽകാം
സമ്മാനം കുട്ടികളിലെത്തിക്കുന്നതിന് മൂന്ന് രീതികൾ സ്വീകരിക്കാം. ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് സമ്മാനം കൈമാറാം. അല്ലെങ്കിൽ സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐ ഡി നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം. ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പുറമെ ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലോ കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര് , കുട്ടിയുടെ ഐ ഡി നമ്പർ , ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം.