1300 പേർ ; ഒരു കിലോമീറ്ററിലധികം ക്യൂ; ഉപ്പുതറയിൽ കോവിഡ് വ്യാപന ഭീതി പരത്തി മെഗാ വാക്സിനേഷൻ ക്യാംപ്


ഉപ്പുതറ ∙ സമ്പൂർണ കോവിഡ് ബാധിത ഗ്രാമമെന്ന അപഖ്യാതി ഉപ്പുതറയ്ക്ക് നേടിക്കൊടുക്കുമെന്ന രീതിയിലുള്ള അധികൃതരുടെ നടപടികൾ തുടരുന്നതിന്റെ നേർക്കാഴ്ചയായി ഞായറാഴ്ച സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാംപ്. 1300ൽ അധികം പേർ എത്തിയ ക്യാംപിൽ വാക്‌സീൻ നൽകാനായത് 600 പേർക്കു മാത്രം. രാവിലെ അഞ്ചര മുതൽ 11 വരെ ആളുകൾ എത്തിക്കൊണ്ടിരുന്നതോടെ ക്യൂ നീണ്ടത് ഒരു കിലോമീറ്ററോളം.
കോവിഡ് പരിശോധനയും വാക്‌സിനേഷൻ ക്യാംപും നടത്തിയതിൽ പഞ്ചായത്ത്-ആരോഗ്യ വകുപ്പ് അധികൃതർക്കുണ്ടായ വീഴ്ചയാണ് കോവിഡ് വ്യാപനത്തിലേക്ക് വഴിവയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ചത്. രാവിലെ അഞ്ചര മുതൽ ആളുകൾ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. ഏഴുമണിയായപ്പോഴേയ്ക്കും തിരക്ക് വർധിച്ചതോടെ പൊലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി. തുടർന്നാണ് എത്തിയവരെ ക്യൂവിൽ നിർത്താൻ നടപടി ഉണ്ടായത്.
എന്നാൽ നിശ്ചിത അകലം പാലിക്കാതെ ആളുകൾ മണിക്കൂറുകളോളം ക്യൂവിൽ നിന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. വാക്‌സീൻ സ്വീകരിക്കാനും കോവിഡ് പരിശോധിക്കാനും ആളുകൾ എത്തിയതാണ് വലിയ തോതിൽ ജനത്തിരക്ക് സൃഷ്ടിച്ചത്. മെഗാ വാക്സിനേഷൻ ക്യാംപ് നടക്കുകയാണെന്നു വ്യക്തമാക്കി ജനപ്രതിനിധികൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പു നൽകിയതിനാൽ സമീപ പഞ്ചായത്തുകളിൽ നിന്നുവരെ ആളുകൾ ഒഴുകിയെത്താൻ ഇടയാക്കി.
ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും കൂടുതൽ സ്ഥലസൗകര്യമുള്ള പാരിഷ് ഹാളിലും ക്യാംപ് നടത്തണമെന്ന ആലോചനയും ഫലം കാണാതെ പോയതും ആശുപത്രിയിൽ തിരിക്ക് സൃഷ്ടിക്കാൻ കാരണമായി. പട്ടികവർഗ കോളനികൾ ഒഴികെയുള്ള സ്ഥലങ്ങളിലും ആരോഗ്യ കേന്ദ്രങ്ങൾക്കു പുറത്തും ക്യാംപ് നടത്തണമെങ്കിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മറ്റിടങ്ങളിൽ ക്യാംപ് നടത്താതിരുന്നതെന്നാണ് വിവരം.