മലയാളദിന,ഭരണഭാഷാവാരഘോഷത്തിന് തുടക്കം
കേരളത്തിലെ മനുഷ്യരുടെ ജീവിത ആവശ്യങ്ങളെ ഭരണപരമായി മനസ്സിലാക്കുക കൂടിയാണ് മലയാളഭാഷ ഭരണഭാഷയായി മാറ്റുന്നതിന്റെ മൂല്യമെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാപരമായ പ്രശ്നങ്ങളിൽ മാത്രം ഭരണകാര്യങ്ങൾ കൃത്യമായി മനസ്സിലാകാതെ പോകുന്ന നിരവധി മനുഷ്യരുണ്ട്. അവരുടെ ജീവിതത്തെ വീണ്ടെടുക്കുക കൂടിയാണ് മാതൃഭാഷ ഭരണഭാഷയാകുന്നതിന്റെ ലക്ഷ്യം. കൊണ്ടും കൊടുത്തും വളർന്ന ഭാഷയാണ് മലയാളം. ഭാഷയെ ഭരണവ്യവഹാരങ്ങളിൽ കൂടി ചേർത്ത് പിടിക്കണം എഡിഎം പറഞ്ഞു.
ഭരണഭാഷാ പ്രതിജ്ഞയും എഡിഎം ചൊല്ലിക്കൊടുത്തു. തുടർന്ന് ജീവനക്കാരുടെ മലയാള കവിത ആവിഷ്കാരവും മലയാളഭാഷ ഡോക്യുമെൻററി പ്രദർശനവും നടന്നു. ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ ബാലൻ, അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ ബിജു ആർ, മറ്റ് പിആർഡി ഉദ്യോഗസ്ഥർ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി ഉപന്യാസ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ‘ ഭരണഭാഷ തത്വവും പ്രയോഗവും’ എന്നതാണ് വിഷയം. മൂന്ന് എ ഫോർ പേജിൽ കവിയാത്ത ഉപന്യാസങ്ങൾ [email protected] ൽ ഇമെയിൽ ആയി നവംബർ നാലിന് മുൻപ് അയക്കണം. പി ഡി എഫ് ആയിട്ടാണ് രചനകൾ അയക്കേണ്ടത്. ജോലി ചെയ്യുന്ന വകുപ്പിലെ ഐ ഡി കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ ഉള്ളടക്കം ചെയ്യണം.
ഒന്നാം സ്ഥാനത്തിന് രണ്ടായിരം, രണ്ടാം സ്ഥാനത്തിന് ആയിരം, മൂന്നാം സ്ഥാനത്തിന് അഞ്ഞൂറ് രൂപവീതം സമ്മാനവും സാക്ഷ്യപത്രവും ലഭിക്കും. നവംബർ 7 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഭരണഭാഷാവാരാചരണ സമാപനസമ്മേളനത്തിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി പുരസ്‌കാരവിതരണം നടത്തും. തുടർന്ന് ഭാഷാവിദഗ്‌ധൻ നയിക്കുന്ന ഭാഷാസംവാദ പരിപാടിയും ഉണ്ടാകും.