‘ഇന്ന് കേരളപ്പിറവി ദിനം മാത്രമല്ല, കോൺഗ്രസിന്റെ ചരമദിനം കൂടിയാണ്’; പരിഹസിച്ച് പി സരിൻ
കേരളപ്പിറവിദിനമായ ഇന്ന് കോൺഗ്രസിന്റെ ചരമദിനം കൂടിയാണെന്ന് ചേലക്കര എൽഡിഫ് സ്വതന്ത്രൻ പി സരിൻ. വലിയൊരു വിഭാഗത്തിന് കോൺഗ്രസിനെ മടുത്തു. അവരെയെല്ലാം ഇടതുപക്ഷം ചേർത്തുപിടിക്കുമെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.
കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന് പോലും കോൺഗ്രസ് മടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഇടതുപക്ഷത്തെത്തും. ജനങ്ങൾക്കൊപ്പം നിൽക്കാത്ത മുന്നണിയെ ജനങ്ങൾ കയ്യൊഴിയുകയാണ് ഉണ്ടാവുകയെന്നും സരിൻ പറഞ്ഞു.
നേരത്തെ പിരായിരി മണ്ഡലം സെക്രട്ടറി കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്നും മണ്ഡലം സെക്രട്ടറിയായ ബി ശശി പറഞ്ഞു. ഷാഫി പറമ്പിലിനോടുള്ള പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഷാഫി പറമ്പിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വാഗ്ധനങ്ങൾ പിന്നീട് അവഗണിക്കപ്പെടുകയായിരുന്നുവെന്നും ബി ശശി പറഞ്ഞു. സംഭവത്തെ കുറിച്ച് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ എല്ലാവരും പരാതിയെ തള്ളുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഡിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെയോ മറ്റേതെങ്കിലും സ്ഥാനാർത്ഥിയെയോ പിന്തുണയ്ക്കാനാണ് നിലവിലെ തീരുമാനമെന്നും ബി ശശി പറയുന്നു. വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് വാർഡിലെ ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസിന്റെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് പഞ്ചായത്ത് അംഗവും ബി ശശിയുടെ പങ്കാളിയുമായ സിത്താര പറഞ്ഞു. പാർട്ടിയിൽ നിന്നും രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.