വൈദ്യുതിവകുപ്പ് മന്ത്രി 24 ന് ജില്ലയിൽ
അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതി : നിർമ്മാണോദ്‌ഘാടനം ഒക്ടോബർ 24 ന്
നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24 ന്
വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ജില്ലയിൽ ഇന്ന് രണ്ട് ഉദ്‌ഘാടന പരിപാടികളിൽ പങ്കെടുക്കും . നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ചിട്ടുള്ള മിനി വൈദ്യതിഭവനത്തിന്റെ ഉദ്‌ഘാടനം രാവിലെ 10.30 ന് മന്ത്രി നിർവഹിക്കും. പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രി ക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുക.
വെള്ളത്തൂവൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി , വെള്ളത്തൂവൽ വില്ലേജുകളിലായി നിലവിൽവരുന്ന അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ഇന്ന് (ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 2.30 ന് ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. ദേവികുളം എം.എൽ.എ. അഡ്വ. എ. രാജ അധ്യക്ഷത വഹിക്കും.ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, ഉടുമ്പൻചോല എം.എൽ.എ എം എം മണി എന്നിവർ പങ്കെടുക്കും.
നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം,നിർമ്മാണത്തിലിരിക്കുന്ന ചെങ്കുളം ഓഗ്മെന്റേഷൻ സ്കീം എന്നിവിടങ്ങളിൽനിന്നും ചെങ്കുളം ജലാശയത്തിലെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി. ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 985.14 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്, (34.55 x 18.7) മീറ്റർ വലിപ്പമുള്ള പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ്, (ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ) എന്നിവയാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.