നീരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ആശാവര്‍ക്കറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി
നെടുങ്കണ്ടം: കോവിഡ് സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട ഗൃഹനാഥനോട് നീരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട ആശാവര്‍ക്കറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പിനു നല്‍കിയ പരാതിയെ തുടര്‍ന്ന് കല്ലാര്‍ പട്ടംകോളനി മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.കെ.പ്രശാന്ത് ഗൃഹനാഥനെതിരെ പോലീസില്‍ പരാതി നല്‍കി. ഗൃഹനാഥന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തില്‍ ഉള്ളവര്‍ എല്ലാം നിരീക്ഷണത്തില്‍ കഴിഞ്ഞു.
കോവിഡ് പരിശോധനക്കും വിധേയമായി. ഗൃഹനാഥന്റെ മരുമകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മറ്റുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ ഗൃഹനാഥന്‍ പരിശോധനക്ക് ഹാജരായില്ല. സ്വകാര്യ സ്ഥാപനത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയ ശേഷം ഗൃഹനാഥന്‍ പൊതു സമൂഹത്തില്‍ ഇറങ്ങി. മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം ആശാവര്‍ക്കര്‍ ഗൃഹനാഥനോട് നിരീക്ഷണത്തില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമായത്.