‘ADMന്റെ മരണത്തിന് പിന്നിൽ പി.ശശി; പാലക്കാട് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി വന്നാൽ പിന്തുണക്കും’; പിവി അൻവർ
മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ പി ശശിയാണെന്നാണ് പിവി അൻവറിന്റെ ആരോപണം. പി ശശിക്ക് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും പി. ശശിയുടെ ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവെന്ന് അൻവർ ആരോപിച്ചു.
എഡിഎം നവീൻ ബാബുവിന്റെ ട്രാൻസ്ഫർ തടഞ്ഞത് പി ശശിയുടെ നേതൃത്വത്തിലുള്ള ടീമാണെന്ന് അൻവർ പറയുന്നു. എഡിഎമ്മിനെ അഴിമതിക്കാരാനാക്കാൻ പി ശശിയുടെ നിർദേശ പ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആ വേദിയിൽ എത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പൊളിറ്റിക്കൽ സെക്രട്ടറിയെ ഈ നാട്ടിലെ ഗുണ്ടാ നേതാവായി വളർത്തുന്നത് സിപിഐഎം ആണെന്ന് അൻവർ വിമർശിച്ചു. വിഷയത്തിൽ ജുഡിഷൽ അന്വേഷണം വേണമെന്നും പോലീസ് അന്വേഷണം എവിടെയും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി അജിത് കുമാറിന് എതിരായ റിപ്പോർട്ട് ജനം പുച്ഛിച്ചുതള്ളിയെന്ന് അൻവർ പറഞ്ഞു. പാർട്ടിയെ പുച്ഛിച്ച് തള്ളിയിട്ടില്ലെന്നും തകർക്കാൻ ഇറങ്ങിയിട്ടില്ലെന്നും നേതൃത്വത്തിൽ ഉള്ളവർ പാർട്ടിക്ക് വേണ്ടിയല്ല സംസാരിക്കുന്നതെന്നും പിവി അൻവർ പറഞ്ഞു. വരേണ്യ വർഗ്ഗമാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഭീഷണിപ്പെടുത്തുന്നുവെന്ന അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് യുഡിഎഫും എൽഡിഎഫും പറയുന്നു. എന്തുകൊണ്ടാണ് സിപിഐഎമ്മിന് ഇപ്പോഴും ഒരു സ്ഥാനാർത്ഥിയില്ലാത്തത്. പാർട്ടി വോട്ടുകൾ എങ്ങനെ കുറഞ്ഞു. അൻവർ ഡിഎംകെ ഉണ്ടാക്കിയത് കൊണ്ടാണോ എന്ന് അദ്ദേഹം ചോദിച്ചു. ഓ രാജഗോപാൽ എങ്ങനെയാണ് തിരുവനന്തപുരത്ത് ജയിച്ചതെന്നും ആരാണ് ബിജെപിയെ പ്രമോട്ട് ചെയ്യുന്നതെന്നും ജനങ്ങൾ ചിന്തിക്കട്ടെയെന്ന് അൻവർ പറഞ്ഞു.
പാലക്കാട് ഇന്ത്യ മുന്നണിയായി മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് പിവി അൻവർ വെല്ലുവിളിച്ചു. അങ്ങനെയെങ്കിൽ ഒപ്പം നിൽക്കുമെന്നും ഇന്ത്യ മുന്നണി സ്ഥാനാർത്ഥി വന്നാൽ ഡിഎംകെ പിന്തുണക്കുമെന്നും അൻവർ വ്യക്തമാക്കി. കോൺഗ്രസും മുസ്ലിം ലീഗും മതേതര വിശ്വാസികളും നിലപാട് എടുക്കും. എനിക്ക് സ്വാധീനമുള്ള എന്റെ നാടാണ് പാലക്കാടെന്നും മലപ്പുറം , കോഴിക്കോട് ഉള്ളതിനെക്കാൾ ഇരട്ടി സ്വാധീനം പാലക്കാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കോൺഗ്രസ് സംസ്കാരമുള്ള ഒരാളെ തേടി നടക്കുകയാണ് സിപിഐഎമ്മെന്ന് അൻവർ പരിഹസിച്ചു. സരിന് പത്തുകൊല്ലത്തെ കോൺഗ്രസ് സംസ്കാരമേയുള്ളൂ എന്നും പരിഹാസം. കൊള്ള സംഘത്തിന്റെ കയ്യിലാണ് കേരളത്തിലെ രാഷ്ട്രിയമെന്ന് അൻവർ കുറ്റപ്പെടുത്തി. എവിടുന്നോ കയറി വന്ന കോൺഗ്രസ് സംസ്കാരം ഉള്ള പിവി അൻവർ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പൊൾ പഴേ കോൺഗ്രസ് കാരനെ തിരഞ്ഞു നടക്കുകയാണെന്ന് അൻവർ പരിഹസിച്ചു. രണ്ട് മണ്ഡലങ്ങളിലും പിന്നാമ്പുറ ഓപ്പറേഷൻ നടക്കും. സിപിഐഎം പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താത്തത് ബിജെപിയെ സഹായിക്കാനാണെന്ന് അൻവർ ആരോപിച്ചു.
23 ന് ഫലം വരുമ്പോൾ രണ്ട് മണ്ഡലങ്ങളിലും പൂത്തിരി കത്തും. മൂന്ന് മുന്നണിയിൽ നിന്നും ഡിഎംകെ വോട്ട് ലഭിക്കും. ബിജെപിയിൽ നിന്ന് സാധാരണക്കാർ വോട്ട് ചെയ്താൽ സ്വീകരിക്കും. ചരിത്രത്തെ മാറ്റിമറിക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകുന്നുവെന്ന് അൻവർ വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിക്കായി പ്രചാരണത്തിന് പോകും. ഡിഎംകെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിക്കുമെന്ന് പിവി അൻവർ പറഞ്ഞു.