മഴ; പെരിയവരൈപാലത്തിന് സമീപം പാതയോരമിടിഞ്ഞു


മഴ കനത്തതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പെരിയവരൈപാലത്തിന് സമീപം പാതയോരമിടിഞ്ഞത് അപകട ഭീഷണിയായി. റോഡിന്റെ ഒരു വശമിടിഞ്ഞ് സമീപത്തെ പുഴയിലേക്ക് പതിച്ചതോടെ റോഡിന് ബലക്ഷയം സംഭവിക്കുകയും പാതയുടെ വിസ്താരം നഷ്ടപ്പെടുകയും ചെയ്തു.ശനിയാഴ്ച്ച രാവിലെ ഭാരം കയറ്റി ഇതുവഴിയെത്തിയ ലോറി ചെളിയില്‍ പൂണ്ടു.ഗതാഗത തടസ്സമുണ്ടാകാതെ കാര്യങ്ങള്‍ സുഗമമാക്കാനുള്ള ശ്രമം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച ദേവികുളം എംഎല്‍എ അഡ്വ. എ രാജ പറഞ്ഞു.
ഒരു വര്‍ഷം മുമ്പായിരുന്നു പെരിയവരൈയില്‍ പുതിയതായി നിര്‍മ്മിച്ച പാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയത്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും വരെ മഴക്കാലങ്ങളില്‍ പെരിയവരൈയില്‍ പാലം ഒലിച്ച് പോയി ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരുന്നു.പുതിയപാലത്തിലൂടെ ഈ പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പാതയോരമിടിഞ്ഞ് വീണ്ടും പ്രതിസന്ധി രൂപം കൊണ്ടിട്ടുള്ളത്.