മാലിന്യ സംസ്‌ക്കരണത്തില്‍ മൂന്നാറിലുണ്ടാക്കിയിട്ടുള്ള മുന്നേറ്റം കേരളത്തിനാകെ മാതൃക; മന്ത്രി എം ബി രാജേഷ്

മൂന്നാറിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു മാലിന്യ സംസ്‌കരണ രംഗത്ത് മൂന്നാറിലുണ്ടാക്കിയിട്ടുള്ള മുന്നേറ്റം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷന്റെയും യു എന്‍ ഡി പിയുടെയും സഹായത്തോടെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റവും അധികം മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുന്ന ഇടംകൂടിയായിരുന്നു മൂന്നാറെന്നും ആ മൂന്നാറാണിപ്പോള്‍ മനോഹരമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസാധ്യമാണെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സാധ്യമായിരിക്കുകയാണ്. മൂന്നാറില്‍ ഇതൊന്നും സാധ്യമാകുമെന്ന് കുറച്ച് നാള്‍ മുമ്പ് ആരും കരുതിയിരുന്നില്ല. കല്ലാറിലെ പോലെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മാലിന്യ മലകള്‍ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. കുന്ന് കൂടി കിടന്നിരുന്ന മാലിന്യം നീക്കം ചെയ്തപ്പോള്‍ 45 ഹെക്ടര്‍ സ്ഥലം വീണ്ടു കിട്ടി. ജനങ്ങളുടെ പങ്കാളിത്തതോടെ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയത്തിലെത്തിക്കാന്‍ കഴിയുകയുള്ളു. ആദ്യം ജനങ്ങളുടെ മനോഭാവം മാറ്റി മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കാന്‍ കഴിയണം. ഇത്തരം കാര്യങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനാംഗങ്ങളുടെയും പങ്ക് പ്രധാനപ്പെട്ടതാണ്. മാലിന്യ മുക്ത കേരളത്തിനുള്ള യുദ്ധം നയിക്കുന്ന സൈന്യം ഹരിത കര്‍മ്മ സേനയാണ്. ആ ഹരിതകര്‍മ്മ സേനയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. ഇപ്പോള്‍ 28,000 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കല്ലാര്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ പുതിയ നിര്‍മ്മാണങ്ങള്‍, ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് ചെയ്ത് വളമാക്കിയതിന്റെ വിപണനം, പഴയ മൂന്നാര്‍ ജംഗ്ഷനിലെ അപ്സൈക്ലിംഗ് പ്ലാന്റിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഇതര പരിപാടികളായ ഐ ലൗ മൂന്നാര്‍, മുതിരപ്പുഴയിലെ കയര്‍ ഭൂ വസ്ത്ര വിതാന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നത്. ഹരിത കേരളമിഷന്റെയും യു എന്‍ ഡി പിയുടെയും സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജൈവ മാലിന്യത്തില്‍ നിന്നും ഉല്‍പാദിപ്പിച്ച ജൈവ വളത്തിന്റെ ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വ്വഹിച്ചു. പഴയ മൂന്നാറില്‍ തയ്യാറാക്കിയിട്ടുള്ള അപ്സൈക്ലിംഗ് പ്ലാന്റ് മന്ത്രി സന്ദര്‍ശിച്ചു. അഡ്വ. എ രാജ എം എല്‍ എ, തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ എച്ച്. ദിനേശന്‍, നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ടി. എന്‍. സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പരിധിയിലെ മാലിന്യ സംസ്‌ക്കരണ ഘട്ടങ്ങള്‍ ചിത്രീകരിച്ച ഹൃസ്വ വീഡിയോ പ്രകാശനവും തൊഴിലാളികളേയും പ്രതിഭകളേയും ആദരിച്ചു. അഡ്വ.എ. രാജ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍. സീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി. കെ. സുരേഷ് കുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി ദാസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ഭവ്യ കണ്ണന്‍, സി. രാജേന്ദ്രന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.