സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. കേരള ,തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.