ഇടുക്കി ജില്ലയിലും ടോൾ പ്ലാസ; ഒക്ടോബർ ആദ്യവാരം മുതൽ പിരിവ് തുടങ്ങും
ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ അടുത്ത ആഴ്ച മുതൽ വാഹനങ്ങളിൽ നിന്നും പണം ഈടാക്കി തുടങ്ങും. കൊച്ചി- ധനുഷ്കോടി ദേശീയപാത 85ൽ ദേവികുളത്തിനു സമീപം ലാക്കാടിലാണ് ടോൾപ്ലാസ നിർമിച്ചിട്ടുള്ളത്. ആന്ധ്രയിൽനിന്നുള്ള സ്വകാര്യ കമ്പനിക്കാണ് ടോൾ പിരിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുള്ളത്.
ദേശീയപാതയിൽപ്പെട്ട മൂന്നാർ മുതൽ ബോഡിമെട്ട് വരെ 41.78 കിലോമീറ്റർ 371.83 കോടി രൂപ ചെലവിട്ട് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളും റോഡ് നിർമാണത്തെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ടോൾ നിരക്കുകൾ ഇങ്ങനെ
കാർ, ജീപ്പ്, മറ്റ് ചെറുവാഹനങ്ങൾ : ഒരു വശത്തേക്ക് 35 രൂപ, ഇരുവശങ്ങളിലേക്കും 55 രൂപ, പ്രതിമാസം ഇരുവശങ്ങളിലേക്കും 50 യാത്രകൾക്ക് 1225 രൂപ.
മിനി ബസ് : ഒരു വശത്തേക്ക് 60 രൂപ. ഇരുവശങ്ങളിലേക്കും 90 രൂപ പ്രതിമാസം 1980 രൂപ.
ബസ്, ട്രക്ക് : ഒരു വശത്തേക്ക് 125 രൂപ. ഇരുവശങ്ങളിലേക്കും 185 രൂപ. പ്രതിമാസം 4150 രൂപ.
ഭാരവാഹനങ്ങൾക്ക്: ഒരു വശത്തേക്ക് 195 രൂപ. ഇരുവശങ്ങളിലേക്കും 295 രൂപ. പ്രതിമാസം 6505 രൂപ.
ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾക്ക്: ഒരു വശത്തേക്ക് 240 രൂപ. ഇരുവശങ്ങളിലേക്കും 355. പ്രതിമാസം 7920 രൂപ.