വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള യുവതീ യുവാക്കളിൽ നിന്നും യു.കെ, അയർലൻഡ് ,ജർമ്മനി ,കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വിസിറ്റിംഗ് വിസയിലും, വർക്ക് വിസയിലും നല്ല ജോലികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും വൻ തുകകൾ വാങ്ങിയെടുത്ത ശേഷം വ്യാജ വിസയും വ്യാജ എയർ ടിക്കറ്റുകളും നൽകുന്ന അനേകം സ്ഥാപനങ്ങൾ കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണുപ്രദീപ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം 26/9/2024, 27/09/2024 എന്നീ തീയതികളിൽ കട്ടപ്പനയിൽ പ്രവർത്തിച്ചുവരുന്ന വിവിധ റിക്രൂട്ടിംഗ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തിയിട്ടുള്ളതും, പല സ്ഥാപനങ്ങൾക്കും വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയും ജോബ് വിസയും നൽകുന്നതിനുള്ള നിയമാനുസൃത ലൈസൻസ് ഇല്ലായെന്ന് കണ്ടെത്തിയിട്ടുള്ളതുമാണ്. എറണാകുളം ,കൊല്ലം തുടങ്ങി മറ്റ് ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന അനധികൃത സ്ഥാപനങ്ങളുടെ സബ്ബ് ഏജൻസികൾ എന്ന നിലയിലാണ് കട്ടപ്പനയിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നതെന്ന് അറിവായിട്ടുള്ളതുമാണ്. തൊഴിൽ അന്വേഷകരിൽ നിന്നും വൻതുകകൾ വാങ്ങിയ ശേഷം വ്യാജ വിസയും ടിക്കറ്റുകളും മറ്റും നൽകുന്നതായി പരാതികൾ ലഭിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുള്ളതും, ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകൾക്കും മറ്റുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാപന ഉടമകളെ അറിയിച്ചിട്ടുള്ളതുമാണ്. മതിയായ രേഖകളില്ലാതെയും സർക്കാരിന്റെ അനുമതി ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വഴി കബളിപ്പിക്കപ്പെടാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും എല്ലാ ആളുകളും ശ്രദ്ധിക്കേണ്ടതാണ് എന്ന് ജില്ലാ പോലീസ് അറിയിച്ചു.