ആരാധകർക്ക് നിരാശ; മുംബൈയിലെ ‘കോൾഡ്‌പ്ലേ’ ഷോ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു
ലോകപര്യടനത്തിന്റെ ഭാഗമായി ബ്രിട്ടിഷ് പോപ്പ്-റോക്ക് ബാൻഡ് ‘കോൾഡ്‌പ്ലേ’ പാട്ടുമായി ഇന്ത്യയിലേക്കുമെത്തുന്നു. അടുത്ത വർഷം ജനുവരി 18, 19,21 തീയതികളിൽ മുംബൈയിൽ നടക്കുന്ന പരിപാടിയുടെ എല്ലാ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിലാണ് വിറ്റുതീർന്നത്.
പരിപാടിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ‘ബുക്ക്‌മൈ ഷോ’ വെബ്‌സൈറ്റും ആപ്പും പണിമുടക്കുകയും ചെയ്തു. ആരാധകർ കൂട്ടത്തോടെ ബുക്കിംഗിനെത്തിയതാണ് വിനയായത്. മുംബയിലെ ഡി.വൈ പാട്ടീൽ സ്‌റ്റേഡിയത്തിലാണ് പരിപാടി. 2,500 മുതൽ 35,000 രൂപ വരെയാണ് ഒരു ടിക്കറ്റിന്റെ വില.
2016ലാണ് കോൾഡ്‌പ്ലേ ഇന്ത്യയിൽ അവസാനമായി പരിപാടി അവതരിപ്പിച്ചത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഇപ്പോൾ നീണ്ട 9 വർഷത്തിനു ശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോൾഡ്പ്ലേ ഇന്ത്യയിലെത്തുന്നത്.
1996 ലാണ് കോൾഡ്പ്ലേ രൂപംകൊണ്ടത്. ക്രിസ് മാർട്ടിൻ, ജോണി ബക്ലൻഡ്, ഗയ് ബെറിമാൻ, വിൽ ചാംപ്യൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. പാട്ടുമായി ഉലകം ചുറ്റിനടക്കുന്ന ഈ സംഘത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. പാരഷ്യൂറ്റ്സ്, എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ്, എക്സ് & വൈ, ഗോസ്റ്റ് സ്റ്റോറീസ്, എ ഹെഡ് ഫുൾ ഓഫ് തുടങ്ങിയവയാണ് കോൾഡ്പ്ലേയുടെ മുഖ്യ ആൽബങ്ങൾ. കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു.