വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നിലവിൽ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് 8 മെമ്പർമാരും യുഡിഎഫിൽ 6 അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. തുടക്കത്തിൽ പ്രസിഡണ്ട് ആയിരുന്ന സിപിഎമ്മിന്റെ സിബി എബ്രഹാമിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷം യുഡിഎഫിന്റെയും ബിജെപിയുടെയും പിന്തുണയോടെ സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കരി പ്രസിഡന്റായി ഉള്ള ഭരണസമിതിയാണ് ഇപ്പോൾ അധികാരത്തിൽ ഉള്ളത്. പ്രസിഡണ്ടിനെതിരെ വികസന മുരടിപ്പും അഴിമതിയും ഫണ്ടുകൾ പാഴാക്കിയതും ചൂണ്ടിക്കാട്ടിയാണ് ഇടത് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുത്ത കമ്മിറ്റിയിൽ നിന്നും യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങളും പ്രസിഡണ്ടും വിട്ടുനിന്നു. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ആവശ്യമായ അംഗബലം ഇല്ലാത്തതിനാൽ വരണാധികാരി പ്രമേയം തള്ളിക്കളയുകയും ചെയ്തു. ഇതോടെ പ്രമേയം പരാജയപ്പെട്ടു. എൽഡിഎഫിലെ 8 അംഗങ്ങൾ മാത്രമാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. പണത്തിന്റെ അതിപ്രസരവും യുഡിഎഫ്, ബിജെപി കുറുമുന്നണിയുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഫലമാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടതെന്ന് എൽഡിഎഫ് മെമ്പർമാർ ആരോപിച്ചു.
യുഡിഎഫ് ഭരണസമിതിക്കെതിരെ അനാവശ്യമായി നടത്തുന്ന കുപ്രചരണങ്ങളെയും ആരോപണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ടാണ് ഇന്നത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നുകൊണ്ട് പരാജയപ്പെടുത്തിയതെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന സർക്കാരിൻറെ കഴിവില്ലായ്മ മൂലം ഫണ്ടുകൾ നൽകാതെ വികസന പ്രവർത്തനങ്ങൾ നിലച്ചതിന്റെ ജാള്യത മറക്കാൻ എൽഡിഎഫ് നടത്തിയ നീക്കമാണ് ഇവിടെ പരാജയപ്പെട്ടതെന്ന് പ്രസിഡണ്ട് സുരേഷ് മാനങ്കരി പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ മൂന്നാമത് തവണയാണ് വണ്ടൻമേട് മേയത്തിൽ അവിശ്വാസപ്രമേയം നടക്കുന്നത്.