ഹേമ കമ്മിറ്റി റിപ്പോർട്ട്: എസ്ഐടി യോഗം ഇന്ന്, തുടർനടപടികളിൽ തീരുമാനമെടുക്കും


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് യോഗം ചേരും. റിപ്പോർട്ടിന്മേലുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനമെടുക്കും. റിപ്പോർട്ട് വായിച്ച സംഘാംഗങ്ങൾ ഇന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. സ്വമേധയാ കേസെടുക്കേണ്ട മൊഴികളുണ്ടെങ്കിൽ അറിയിക്കും. സാക്ഷികളുടെ മൊഴിയെടുക്കുന്നതിലും തീരുമാനം ഉണ്ടാകും. വനിത ഐപിഎസ് ഉദ്യോഗസ്ഥരാണ് മൊഴി എടുക്കുക.
അതേസമയം സിനിമാപ്രവർത്തകർക്ക് എസ്ഐടിയുമായി ബന്ധമുണ്ടെന്ന പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞു. സിനിമാപ്രവർത്തകർ പലരും പറയുന്നത് കേട്ടുവെന്നും അന്വേഷണത്തിൽ ആശങ്കയുണ്ടെന്നുമാണ് സാന്ദ്രാ തോമസ് റിപ്പോർട്ടർ ടി വി ലൈവത്തോണിൽ പ്രതികരിച്ചത്.
എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് സൗഹൃദമാണെന്ന് പറയുമ്പോൾ ഭയം തോന്നിയിട്ടുണ്ട്. എസ്ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നിൽവെച്ച് തന്നെ സംഘടനയിലുള്ള ചിലർ പറഞ്ഞിട്ടുണ്ട് ‘എസ്ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി’ എന്ന്. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ എങ്ങനെ ഇവരുടെ മുന്നിൽ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു.