മനുഷ്യ വന്യജീവി സംഘർഷലഘൂകരണം സർക്കാർ ലക്‌ഷ്യം : മന്ത്രി എ കെ ശശീന്ദ്രൻ
ആർ ആർ ടി സംഘങ്ങൾക്ക് സ്ഥിരം താമസസൗകര്യം ഒരുങ്ങി
മനുഷ്യ വന്യജീവി സംഘർഷലഘൂകരണം സർക്കാർ ലക്‌ഷ്യമാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദേവികുളത്ത് നിർമ്മാണം പൂർത്തിയാക്കിയ റാപ്പിഡ് റെസ്പോൺസ് ടീം ആന്റ് വെറ്റിനറി ഫെസിലിറ്റിയുടെ ഉദ്ഘാടനം, മൂന്നാർ ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി നടപ്പാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം, മൂന്നാർ വൈൽഡ്ലൈഫ് ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ ഇക്കോ ടൂറിസം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ ഇരവികുളം ദേശീയോദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനസൗഹൃദ സദസ് പോലുള്ള പരിപാടികൾ വനംവകുപ്പും ജനങ്ങളും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയപങ്ക് വഹിച്ചിട്ടുണ്ട്.ജനസൗഹൃദ സമീപനം സ്വീകരിക്കുന്ന സേനയായി വനംവകുപ്പിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഭിന്നശേഷി സൗഹൃദ ഇക്കോടൂറിസം പദ്ധതി ഇരവികുളത്ത് നടപ്പാക്കാൻ കഴിഞ്ഞതിൽ സന്താഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ശല്യം നിയന്ത്രിക്കാന്‍ 446 ലക്ഷം രൂപ ചിലവഴിച്ച് നബാഡിന്റെ സഹായത്തോടെ ഫെന്‍സിംഗുകളും സോളാര്‍ ഫെന്‍സിംഗുകളുമടക്കമുള്ള പദ്ധതികള്‍ക്കായി ടെന്‍ഡര്‍ നല്‍കുകയും അതിന്റെ പ്രവര്‍ത്തനങ്ങളാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഒരു പരിധിവരെ വന്യജീവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏഷ്യയിലെ ആദ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് ദേശിയോദ്യാനമായും ഇരവികുളം ദേശിയോദ്യാനത്തെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 320 ഹെക്ടര്‍ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്ത് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.മൂന്നാര്‍ വന്യജീവി ഡിവിഷനും തൃശൂര്‍ ഫോറസ്ട്രി കോളേജും സംയോജിതമായി, മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള സംരക്ഷിത വനങ്ങളില്‍ കാണപ്പെടുന്ന വൈദേശിക സസ്യങ്ങളെയും അവ കാണപ്പെടുന്ന മേഖലയും സംബന്ധിച്ച് പഠനം നടത്തി തയ്യാറാക്കിയ പുസ്തകരൂപത്തിലുള്ള റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. മൂന്നാര്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ ലഘുകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മൂന്നാര്‍ ആര്‍ ആര്‍ റ്റി ക്ക് വേണ്ടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. പരിപാടിയിൽ അഡ്വ.എ രാജ എം എല്‍ എ അധ്യക്ഷത വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വനംവകുപ്പുദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.