പൊലീസ് സ്റ്റേഷനുകളിലെ CCTV ദൃശ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകേണ്ടി വരും: മുന്നറിയിപ്പുമായി ഡിജിപി


പൊലീസ് സ്റ്റേഷനുകൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹെബ്. പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങൾ വിവരാവകാശനിയമ പ്രകാരം നൽകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ പൊലീസ് ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി കത്തയച്ചു.
പീച്ചി പൊലീസ് സ്റ്റേഷനിലെ മർദനത്തിൻ്റെ ദൃശ്യങ്ങൾ നൽകേണ്ടി വന്ന സാഹചര്യത്തിന് പിന്നാലെയാണ് ഡിജിപി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് വിവരാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ദൃശ്യങ്ങൾ പൊലീസിനെതിരെ തെളിവായി മാറുമെന്നും ഡിജിപിയുടെ മുന്നറിയിപ്പിൽ പറയുന്നു.
2023 മേയ് 24ന് പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ എസ്എച്ച്ഒ അടക്കമുള്ളവർ മർദിച്ചു എന്ന പരാതിയിലാണ് വിവരാവകാശ നിയമ പ്രകാരം സിസിടിവി ദൃശ്യങ്ങൾ കൈമാറേണ്ടി വന്നത്. പീച്ചി പൊലീസ് സ്റ്റേഷനിലെ പരിധിയിൽ വരുന്ന ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരെ ഹോട്ടൽ ജീവനക്കാർ മർദിച്ചു. സംഭവത്തിൽ മർദനമേറ്റവർ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് ഹോട്ടൽ ജീവനക്കാരെ വിളിച്ചുവരുത്തി മർദിച്ചുവെന്നായിരുന്നു പരാതി.
കേസിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകണമെന്ന് ഹോട്ടൽ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ നിരസിച്ചു. തുടർന്നാണ് സംസ്ഥാന വിവരാവകാശ കമ്മിഷനിൽ പരാതിക്കാർ സമീപിച്ചത്. തുടർന്ന് തൃശൂരിൽ വിവരവകാശ കമ്മിഷൻ തൃശൂരിൽ നടത്തിയ അദാലത്തിലാണ് മർദന സമയത്തെ ദൃശ്യങ്ങൾ കൈമാറാൻ പൊലീസിന് നിർദേശം നൽകിയത്. ഇത് ഡിജിപി നേരിട്ട് കൈമാറണമെന്നാണ് നിർദേശം നൽകിയത്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവികൾക്ക് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി കത്ത് അയച്ചിരിക്കുന്നത്.