ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയാൽ പ്രത്യക്ഷ സമരം: ഇടുക്കി രൂപതാ ജാഗ്രതാസമിതി
കേരളത്തിലെ ക്രൈസ്തവ ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം നിർദ്ദേശിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയാൽ പ്രത്യക്ഷ സമരം ആരംഭിക്കേണ്ടിവരുമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി മുന്നറിയിപ്പ് നൽകി. റിപ്പോർട്ട് സമർപ്പിച്ച് നിരവധി മാസങ്ങൾ കഴിഞ്ഞിട്ടും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ സമർപ്പിക്കുകയുണ്ടായെങ്കിലും ഇതുവരെയും ഒരു ഫലവും ഉണ്ടാകാത്തതിൽ സമുദായ അംഗങ്ങൾ നിരാശരാണ്. സമാന സ്വഭാവമുള്ള സച്ചാർ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ച് ആഴ്ചകൾക്കുള്ളിൽ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിട്ടുള്ള ഭീമമായ തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനു പകരം ചില പ്രത്യേക മത വിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമായി കൊടുക്കുകയും ക്രൈസ്തവ സമൂഹത്തിന് നീതി നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ സമുദായ അംഗങ്ങൾക്കിടയിൽ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ നീതിപൂർവ്വകമായ വിതരണം ഉറപ്പുവരുത്തുവാൻ ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പാക്കേജുകളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സ്കോളർഷിപ്പുകളും ആയി സാമൂഹികവും സാമ്പത്തികവുമായി സമുദ്ധരിക്കപ്പെടേണ്ട ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങളാണ് ഈ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നതിലൂടെ തടസ്സപ്പെടുത്തുന്നത്. റിപ്പോർട്ട് പുറത്തുവിടാത്തതിൽ വലിയ ദുരൂഹതയുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നീതി നടപ്പിലാക്കാൻ വൈകുന്നത് നീതി നിഷേധിക്കുന്നതിനുതുല്യമാണ് എന്ന കാര്യം മറക്കരുത് എന്ന് സംഘടനാ ഭാരവാഹികൾ ഓർമിപ്പിച്ചു. റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്നും റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സഭയുടെയും സമുദായത്തിന്റെയും നേതൃത്വത്തിലുള്ളവരുമായി ചർച്ചചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി സമരപരിപാടികൾക്ക് രൂപം നൽകേണ്ടി വരുമെന്ന് ജാഗ്രത സമിതി ഭാരവാഹികൾ പറഞ്ഞു.
ഇരട്ടയാർ പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യ വികാരി ജനറൽ ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിനോയി മഠത്തിൽ, ജോർജ് കോയിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സിബി വലിയമറ്റം,സനീഷ് തോമസ്, മാത്തുക്കുട്ടി കുത്തനാപള്ളിയിൽ, ബിജു തോവാള, ജിജി അബ്രഹാം, സിജോ ഇലന്തൂർ, ജോഷി എമ്പ്രയിൽ,, ഷീല മാത്യു, സന്തോഷ് ജോർജ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
ഫാ. ജിൻസ് കാരയ്ക്കാട്ട്
ഡയറക്ടർ, മീഡിയാ കമ്മീഷൻ ഇടുക്കി രൂപത