Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പെൻഷൻ പദ്ധതികളിലെ വ്യത്യാസങ്ങൾ; ഏകീകൃത പെന്‍ഷന്‍ സ്‌കീമിന് ഒപിഎസും എന്‍പിഎസുമായി എന്താണ് ബന്ധം?



2025 ഏപ്രില്‍ ഒന്നിന് ആരംഭിക്കാനിരിക്കുന്ന ഏകീകൃത പെന്‍ഷന്‍ സ്‌കീമിന് (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ നയത്തില്‍ പരിവര്‍ത്തനാത്മകമായ മാറ്റത്തെയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. പുതിയ പെന്‍ഷന്‍ പദ്ധതിയായ നാഷണല്‍ പെന്‍ഷന്‍ സ്‌കീ(എന്‍പിഎസ്)മിനെതിരെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിയും നിരവധി സംസ്ഥാനങ്ങള്‍ അടുത്തിടെ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് (ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം മാറുകയും ചെയ്ത സാഹചര്യത്തിലാണ് ഏകീകൃത പെന്‍ഷന്‍ സ്‌കീം എന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

എങ്ങനെയാണ് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒപിഎസ്), നാഷണല്‍ പെന്‍ഷന്‍ സ്‌കീം(എന്‍പിഎസ്) എന്നിവയില്‍ നിന്ന് പുതിയ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം (യുപിഎസ്) വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അറിയാം. അതിനായി ആദ്യം, മൂന്ന് പെന്‍ഷന്‍ സ്‌കീമുകളെക്കുറിച്ചും അറിയേണ്ടതുണ്ട്.

ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം (ഒപിഎസ്)

ഇത് പഴയ പെന്‍ഷന്‍ സ്‌കീമാണ്. ഇതനുസരിച്ച് കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അവസാനത്തെ അടിസ്ഥാന ശമ്പളത്തിൻ്റെ 50% വിരമിക്കുമ്പോള്‍ പെന്‍ഷനായി ലഭിക്കും. നിലവിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഡിഎ വര്‍ദ്ധിപ്പിക്കുമ്പോഴെല്ലാം പെന്‍ഷന്‍ തുക ക്രമീകരിച്ചുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് നഷ്ടപരിഹാരം നല്‍കുന്ന ഡിയര്‍നസ് അലവന്‍സും (ഡിഎ) ഈ സംവിധാനത്തിലുണ്ട്.

ഓള്‍ഡ് പെന്‍ഷന്‍ സ്‌കീമിന്റെ ഒരു പ്രധാന സവിശേഷതയാണ് ജനറല്‍ പ്രൊവിഡൻ്റ് ഫണ്ട് അഥവാ ജിപിഎഫ്. ഇതില്‍ ജീവനക്കാര്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം കൊടുക്കുകയാണ് ചെയ്യുന്നത്. വിരമിക്കുമ്പോള്‍ പലിശ സഹിതം ആ തുക തിരികെ ലഭിക്കുകയും ചെയ്യും. കൂടാതെ ഈ പെന്‍ഷന്‍ സ്‌കീമിന് കീഴിലുളള ജീവനക്കാര്‍ 20 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി പേയ്മെൻ്റിനും അര്‍ഹതയുണ്ട്.


അതോടൊപ്പം വീഴ്ചവരാത്ത പെന്‍ഷന്‍ പേയ്മെന്റുകള്‍ ഉറപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് നേരിട്ട് പെന്‍ഷന്‍ ധനസഹായം ലഭിക്കുകയും ചെയ്യും. വിരമിച്ച ജീവനക്കാരന്‍ മരിച്ചാലും അവരുടെ കുടുംബത്തിന് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കും. ഈ പെന്‍ഷന്‍ സ്‌കീമിന്റെ മറ്റൊരു പ്രത്യേത ജീവനക്കാരന്‍ സര്‍വ്വീസില്‍ ഇരിക്കുന്ന വര്‍ഷങ്ങളില്‍ പെന്‍ഷന്‍ തുകയിലേയ്ക്ക് ശമ്പള കിഴിവുകള്‍ (ഡിഡക്ഷൻ) ആവശ്യമില്ല എന്നതാണ്.

ഒപിഎസിന്റെ പ്രധാന സവിശേഷതകള്‍

  • ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം പ്രകാരം, വിരമിച്ചവര്‍ക്ക് അവരുടെ അവസാനത്തെ ശമ്പളത്തിന്റെ 50% തുല്യമായ പെന്‍ഷന്‍ ലഭിക്കും.
  • ഫാമിലി പെന്‍ഷന്‍: വിരമിച്ചയാള്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് കുടുംബ പെന്‍ഷനായി അതേ പെന്‍ഷന്‍ തുക ലഭിച്ചുകൊണ്ടിരിക്കും.
  • ഗ്രാറ്റുവിറ്റി: ഈ സ്‌കീമില്‍ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ട്. അവര്‍ വിരമിക്കുമ്പോള്‍ അധിക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
  • ജീവനക്കാര്‍ ശമ്പളത്തില്‍നിന്ന് സംഭാവന നല്‍കേണ്ടതില്ല: ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍ നിന്ന് അവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളിലേക്ക് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഒരു സംഭാവനയും നല്‍കേണ്ടതില്ല.
  • ഡിയര്‍നസ് അലവന്‍സ് (ഡിഎ): ജീവിതച്ചെലവിനെ അടിസ്ഥാനമാക്കി ആറുമാസം കൂടുമ്പോള്‍ പരിഷ്‌ക്കരിക്കുന്ന ഡിഎ വഴിയാണ് പണപ്പെരുപ്പത്തിനായുള്ള ക്രമീകരണം നടത്തുന്നത്.

ഒപിഎസ് നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍

  • സ്ഥിരവും സുരക്ഷിതവുമായ പെന്‍ഷന്‍ നല്‍കുന്നരീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും സര്‍ക്കാരിൻ്റെ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നത് കാരണം ഇത് സാമ്പത്തികമായി സുസ്ഥിരമല്ലാതായി. 2020-2021 വര്‍ഷങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പെന്‍ഷന്‍ ബാധ്യതകള്‍ കുതിച്ചുയരുകയും ഇത് ഓള്‍ഡ് പെന്‍ഷന്‍ സ്‌കീമിനെ അപ്രായോഗിക മാതൃകയാക്കുകയും ചെയ്തു.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) ആരംഭിച്ചത് 2004 ജനുവരിയിലാണ്. തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടിയാണ് ഈ സ്‌കീം രൂപകല്പന ചെയ്തിരുന്നത്. പിന്നീട് 2009-ല്‍ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. സര്‍ക്കാരും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയും (പിഎഫ്ആര്‍ഡിഎ) നിയന്ത്രിക്കുന്ന നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ ദേശീയ പെന്‍ഷന്‍ പദ്ധതി, റിട്ടയര്‍മെന്റ് കരുതലുകള്‍ക്കായി ദീര്‍ഘകാലത്തേയ്ക്ക് രൂപകല്‍പ്പന ചെയ്തതും സ്വമേധയാ ഉള്ളതുമായ നിക്ഷേപ പദ്ധതിയാണ്.

നാഷണല്‍ പെന്‍ഷന്‍ സ്‌കീം അനുസരിച്ച് വിരമിക്കുന്ന വരിക്കാര്‍ക്ക് അവരുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാം. ബാക്കിയുള്ള തുക പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് ഉപയോഗിക്കും. ഇത് വിരമിക്കലിന് ശേഷമുള്ള സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു. എന്‍പിഎസിന് രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് ഉളളത്. ആദ്യത്തേത് റിട്ടയര്‍മെന്റ് വരെ പിന്‍വലിക്കലുകളെ നിയന്ത്രിക്കുന്ന ടയര്‍ 1 അക്കൗണ്ടുകളാണ്. രണ്ടാമത്തേത് പിന്‍വലിക്കലുകള്‍ അനുവദിച്ചുകൊണ്ട് കൂടുതല്‍ വഴക്കം നല്‍കുന്ന ടയര്‍ 2 അക്കൗണ്ടുകളാണ്. ഇതിലൂടെ വിരമിക്കുമ്പോള്‍, വ്യക്തികള്‍ക്ക് അവരുടെ സമാഹരിച്ച തുകയുടെ 60% നികുതിരഹിതമായി പിന്‍വലിക്കാം. ബാക്കി 40% (അവരുടെ അന്തിമ ശമ്പളത്തിന്റെ ഏകദേശം 35%) വിരമിച്ചതിന് ശേഷമുള്ള പ്രതിമാസ പെന്‍ഷനായി ലഭിക്കുകയും ചെയ്യും.

1.5 ലക്ഷം രൂപ വരെയുള്ള വിഹിതങ്ങൾക്ക് നികുതിയിളവ് ലഭിക്കും. ഈ രണ്ട് പ്രത്യേകതകളാണ് എന്‍പിഎസിനെ ആകര്‍ഷകമാക്കി മാറ്റുന്നത്. റിട്ടയര്‍മെന്റിനു ശേഷമുള്ള സ്ഥിര വരുമാനവും നല്‍കാന്‍ സഹായിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്.

എന്‍പിഎസിന്റെ പ്രധാന സവിശേഷതകള്‍

  • സംഭാവന: ജീവനക്കാര്‍ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10% വിഹിതം നല്‍കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സംഭാവന നിരക്ക് 2019 ല്‍ 14% ആയി വര്‍ദ്ധിച്ചു.
  • പെന്‍ഷന്‍ തുക: ഓള്‍ഡ് പെന്‍ഷന്‍ സ്കീം പോലെ, നാഷണല്‍ പെന്‍ഷന്‍ സ്‌കിം ഒരു നിശ്ചിത പെന്‍ഷന്‍ തുക ഉറപ്പ് നല്‍കുന്നില്ല.
  • നിക്ഷേപ ഓപ്ഷനുകള്‍: പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ നിയന്ത്രിക്കുന്ന ലോ റിസ്‌ക് മുതല്‍ ഹൈ റിസ്‌ക് വരെയുള്ള വിവിധ നിക്ഷേപ പദ്ധതികളില്‍ നിന്ന് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം. ഇതില്‍ പൊതുമേഖലാ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
  • നികുതി: എന്‍പിഎസി ലേക്കുള്ള വിഹിതത്തിന് നികുതിയിളവ് ലഭിക്കും. പക്ഷേ തുക പിന്‍വലിക്കലുകളും പെന്‍ഷന്‍ പേഔട്ടുകളും നികുതിക്ക് വിധേയമാണ്. ഇത് മൊത്തം ആനുകൂല്യത്തെ ബാധിക്കും.
  • ഡിഎ ക്രമീകരണങ്ങളില്ല: പണപ്പെരുപ്പം കണക്കിലെടുത്ത് എന്‍പിഎസ് ഓട്ടോമാറ്റിക് ഡിഎ ഇന്‍ക്രിമെന്റുകള്‍ നല്‍കുന്നില്ല,. പെന്‍ഷന്‍ തുക സ്ഥിരമല്ലാതാകുന്നു.

എന്‍പിഎസിനുള്ള വിമര്‍ശനം

  • ഉറപ്പുള്ള വരുമാനത്തിന്റെ അഭാവം, ജീവനക്കാരുടെ നിര്‍ബന്ധിത സംഭാവനകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍പിഎസ് വിമര്‍ശിക്കപ്പെടുന്നുണ്ട്. പെന്‍ഷന്‍ പേഔട്ടുകളില്‍ കാര്യമായ വ്യത്യാസമുണ്ടാകാം. ഇത് അനിശ്ചിതത്വവും കൂടാതെ, നികുതി പ്രത്യാഘാതങ്ങള്‍ക്കും സങ്കീര്‍ണ്ണതകള്‍ക്കും വഴിവയ്ക്കുകയും ചെയ്യും.

ഇനി ഏറ്റവും പുതിയ പെന്‍ഷന്‍ പദ്ധതിയായ ഏകീകൃത പെന്‍ഷന്‍ പദ്ധതി അഥവാ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് വരാം.

എന്താണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി

2025 ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ഏകീകൃത പെന്‍ഷന്‍ സ്‌കീം (യുപിഎസ്) സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു നിശ്ചിത ഉറപ്പുള്ള പെന്‍ഷന്‍ ഘടന അവതരിപ്പിക്കുന്നു.

യുപിഎസിന് കീഴില്‍, കുറഞ്ഞത് 25 വര്‍ഷത്തെ സേവനമുള്ള വിരമിച്ചവര്‍ക്ക് അവർ അവസാനം വാങ്ങിയ 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം പെൻഷനായി ലഭിക്കും. കുറഞ്ഞത് 10 വര്‍ഷം എങ്കിലും സേവനമുളളവര്‍ക്ക് ആനുപാതികമായ പെന്‍ഷന്‍ ലഭിക്കും. ഈ സ്‌കീം ഒരു നിശ്ചിത പെന്‍ഷന്‍ മാത്രമല്ല, ജീവനക്കാര്‍ക്ക് അവര്‍ അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 60% കുടുംബ പെന്‍ഷനായും ഉറപ്പ് നല്‍കുന്നു. 10 വര്‍ഷമെങ്കിലും സേവനമുള്ള വിരമിച്ചവര്‍ക്ക് പ്രതിമാസം 10,000 രൂപ കുറഞ്ഞ പെന്‍ഷന്‍ യുപിഎസ് ഉറപ്പാക്കുന്നു.

യുപിഎസിന്റെ ഗുണങ്ങള്‍

  • 25 വര്‍ഷമെങ്കിലും സര്‍വ്വീസുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഒടുവിലത്തെ 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം പെന്‍ഷന്‍ നല്‍കും. അതോടൊപ്പം 25 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയില്‍ സര്‍വ്വീസുള്ളവര്‍ക്ക് ആനുപാതികമായ തോതില്‍ പെന്‍ഷന്‍ ലഭിക്കും.
  • പത്ത് വര്‍ഷമെങ്കിലും സര്‍വ്വീസുളളവര്‍ക്ക് 10,000 രൂപ മിനിമം പെന്‍ഷന്‍ ഉറപ്പാക്കും
  • ഏതെങ്കിലും ജീവനക്കാരന്‍ മരിക്കുകയാണെങ്കില്‍ പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനായി ലഭിക്കും.
  • ജീവനക്കാരന്‍ വിരമിക്കുകയാണെങ്കില്‍ ഗ്രാറ്റുവിറ്റിക്ക് പുറമേ ഒരു തുകകൂടി അയാള്‍ക്ക് ലഭിക്കും. സര്‍വ്വീസ് കാലയളവിലെ അവസാന ആറ് മാസത്തില്‍ വാങ്ങിയ ശമ്പളത്തിന്റെ പത്തിലൊന്ന് എന്ന തോതിലായിരിക്കും ഈ തുക കണക്കിലാക്കുന്നത്.
  • നിലവിലെ പെന്‍ഷന്‍ സ്‌കീം അനുസരിച്ച് ജീവനക്കാര്‍ 10 ശതമാനം സംഭാവന നല്‍കുമ്പോള്‍ സര്‍ക്കാര്‍ 14 ശതമാനം നല്‍കുന്നത്. എന്നാല്‍ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമില്‍ സര്‍ക്കാര്‍ വിഹിതം 18.5 ശതമാനമായി ഉയര്‍ത്തും. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും.
  • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള നാഷണല്‍ പെന്‍ഷന്‍ സ്‌കീം, അല്ലെങ്കില്‍ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം തിരഞ്ഞൈടുക്കാവുന്നതാണ്. നാഷണല്‍ പെന്‍ഷന്‍ സ്‌കീം അംഗങ്ങള്‍ക്ക് യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുകയും ചെയ്യാം. നാഷണല്‍ പെന്‍ഷന്‍ സ്‌കീം നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കും ആവശ്യമെങ്കില്‍ യുപിഎസിലേയ്ക്ക് മാറാം.
  • 2004ന് ശേഷം വിരമിച്ചവര്‍ക്കും 2025 മാര്‍ച്ച് 31നകം വിരമിക്കുന്നവര്‍ക്കും യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമില്‍ ചേരാം. ഇവര്‍ക്ക് കുടിശ്ശിഖ നല്‍കും.

ഏകീകൃത പെന്‍ഷന്‍ പദ്ധതി മികച്ചതാകുന്ന് എന്തുകൊണ്ട്

  • ഏകീകൃത പെന്‍ഷന്‍ പദ്ധതി (യുപിഎസ്) പഴയ പെന്‍ഷന്‍ സ്‌കീമിന്റെയും (ഒപിഎസ്) നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെയും (എന്‍പിഎസ്) ഏറ്റവും മികച്ച സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തുള്ളവയാണെന്നാണ് സർക്കാർ വാദം.
  • പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉറപ്പുനല്‍കുന്നു, പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷിക്കുന്നു, ജീവനക്കാരുടെ വിഹിതങ്ങളിലെ ഭാരം ഒഴിവാക്കുന്നു തുടങ്ങിയ സവിശേഷിതകള്‍കൊണ്ട് ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
  • ഇത് നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനേക്കാള്‍ കൂടുതല്‍ സ്ഥിരതയുള്ള റിട്ടയര്‍മെന്റ് പ്ലാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
  • ഒപിഎസ്, എന്‍പിഎസ് എന്നിവയില്‍ നിന്നുള്ള പ്രധാന ഗുണങ്ങളെ യുപിഎസ് ഉള്‍ക്കൊള്ളുന്നുണ്ട്. ഒപിഎസില്‍ നിന്ന് ഉറപ്പുള്ള പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, പണപ്പെരുപ്പ സൂചിക, ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ എന്നിവ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. അതോടൊപ്പം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് പ്രവചനാതീതവും സ്ഥിരവുമായ വരുമാനം ഉണ്ടെന്നും ഉറപ്പാക്കുന്നു.
  • പഴയ പെൻഷൻ പദ്ധതി വാഗ്ദാനം ചെയ്തിരുന്ന അതേ സ്ഥിരതയാണ് യുപിഎസ് നല്‍കുന്നത്. വിരമിച്ചവര്‍ക്ക് അവരുടെ അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. അതുപോലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാന്‍ ഡിയര്‍നസ് അലവന്‍സ് (ഡിഎ) ഉപയോഗിക്കാനും കഴിയും.
  • യുപിഎസ്, എന്‍പിഎസിനെ പോലെ മാര്‍ക്കറ്റ്-ലിങ്ക്ഡ് നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നില്ലെങ്കിലും, ജീവനക്കാര്‍ക്ക് അവരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം നല്‍കാനുള്ള അവസരമുണ്ട്.
  • നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ളതും ഗ്യാരണ്ടീഡ് റിട്ടേണ്‍ ഇല്ലാത്തതുമായ എന്‍പിഎസില്‍ നിന്ന് വ്യത്യസ്തമായി ഒരു നിശ്ചിത തുക യുപിഎസ് ഉറപ്പ് നൽകുന്നു.
  • യുപിഎസ് നിലവില്‍ വരുന്നതോടെ ഇപ്പോള്‍ എന്‍പിഎസിനു കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക പലിശ സഹിതമുള്ള ആനുകൂല്യത്തോടെ പുതിയ പദ്ധതിയിലേക്ക് മാറാനുള്ള അവസരം ലഭിക്കും.
  • ഒപിഎസിന്റെ സാമ്പത്തിക സുരക്ഷതിത്വം നിലനിര്‍ത്തിക്കൊണ്ട് എന്‍പിഎസിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന കൂടുതല്‍ സുരക്ഷിതമായ പദ്ധതിയെന്ന നിലയിലാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!