സിദ്ദിഖിന് പകരം ആര്?; ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ ചേരും


താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം.
സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജാണ് ചുമതലകൾ നിർവഹിക്കുന്നത്.
ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.