‘ജാക്കി കണ്ടെത്തിയത് വലിയ പ്രതീക്ഷ, പത്ത് മണിയോടെ കൂടുതൽ സംഘവുമായി തിരച്ചിലിനിറങ്ങും’; ഈശ്വർ മാൽപെ
ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്നലെ നടത്തിയ തിരച്ചിലിൽ ലോറിയുടെ വീൽ ജാക്കി കിട്ടിയത് വലിയ പ്രതീക്ഷയും സൂചനയുമാണെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. രാവിലെ പത്ത് മണി മുതൽ ഗംഗാവലിയിലിറങ്ങി തിരച്ചിൽ നടത്തുമെന്നും ഇന്ന് കൂടുതൽ പേർ തന്നോടപ്പം തിരച്ചിലിൽ പങ്കെടുക്കുമെന്നും ഈശ്വർ മാൽപെ പറഞ്ഞു. റോഡിൽ നിന്നും നൂറടി താഴ്ച്ചയിലും ഗംഗാവലിയിൽ നിന്ന് 40 അടി താഴ്ച്ചയിൽ നിന്നുമാണ് ഇന്നലെ ജാക്കി കിട്ടിയതെന്നും ഈശ്വർ മാൽപെ പറഞ്ഞു.
തിരച്ചിലിന് നിലവിൽ യാതൊരു വെല്ലുവിളിയില്ലെന്നും പുഴ പൂർണ്ണമായും തെളിച്ചമുള്ളതായിട്ടുണ്ടെന്നും മാൽപെ പറഞ്ഞു. പുഴയുടെ അടിയിലെ മണ്ണുകൾ നീങ്ങിയിട്ടുണ്ടെന്നും മാൽപെ പറഞ്ഞു. ഇനിയുള്ള മൂന്ന് ദിവസവും താൻ ഇവിടെ തുടരുമെന്നും അർജുനെ കണ്ടെത്തിയിട്ടേ തിരിച്ചുപോകൂവെന്നും മാൽപെ പറഞ്ഞു. മാൽപെക്കൊപ്പം നേവി സംഘവും ഇന്ന് തിരച്ചിലിനായി ഗംഗാവലി നദിയിലിറങ്ങുന്നുണ്ട്.
ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടില്‍ നിന്ന് ഇന്നലെ ഈശ്വർ മാൽപെ കണ്ടെത്തിയത്. ജാക്കിക്കൊപ്പം അപടകത്തില്‍ പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പരിശോധന ആരംഭിച്ചത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍ ബോക്‌സിലാണ് ജാക്കി സൂക്ഷിച്ചിരുന്നത്. പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയത്. അത് അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു.