ദയാവധം വിനാശകരമായ നീക്കം; സഭയ്ക്ക് ഒരിക്കലും അഗീകരിക്കാനാവില്ല: സിഡ്നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ
പ്രായമായവരെയും ദുർബലരെയും സംരക്ഷിക്കാൻ കോവിഡ് മഹാമാരിക്കാലത്ത് ഭരണകൂടം നടത്തിയ ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, പ്രായമായവരെയും രോഗികളെയും മരണത്തിലേക്ക് തള്ളിവിടുന്ന ദയാവധ നിലപാടിലെ വിരോധാഭാസവും തുറന്നുകാട്ടി.
ദയാവധ നിയമം ന്യൂ സൗത്ത് വെയിൽസ് പാർലമെന്റ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം.
ദയാവധം സഭയുടെ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും എതിരാണ്. ആരോഗ്യ, വൃദ്ധജന പരിപാലനരംഗത്ത് ലോകത്തിലെ ഏറ്റവും വലുതും പൗരാണികവുമായ കത്തോലിക്ക സഭാ സ്ഥാപനങ്ങൾ പ്രായമായവരുടെയും സ്വാഭാവിക മരണത്തിന് കീഴടങ്ങുന്നവരുടെയും അന്തസ് ഉയർത്തിപ്പിടിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.
അവരുടെ മരണം നേരത്തെയാക്കുന്നതിനുള്ള ശ്രമങ്ങളോടും അതിനെ പ്രോത്‌സാഹിപ്പിക്കുന്ന നിലപാടുകളോടും സഭയ്ക്ക് യോജിക്കാനാവില്ല. ആരോഗ്യ, വൃദ്ധജന പരിപാലന രംഗത്ത് സേവനം ചെയ്യുന്ന കത്തോലിക്കാ സ്ഥാപനങ്ങളെപ്പോലെയുള്ള സർക്കാരിതര പ്രസ്ഥാനങ്ങൾക്ക് ഓസ്‌ട്രേലിയ പരിഗണന നൽകുന്നുണ്ടെങ്കിൽ, ചില രീതികളിൽ വ്യത്യസ്തമായിരിക്കാൻ ഞങ്ങൾക്ക് ഇടം നൽകേണ്ടതുണ്ട്.
ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്ന സഭ രോഗികളുടെയും പ്രായമായവരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ജീവന്റെ മാഹാത്മ്യവും പവിത്രതയും ഉയർത്തിപ്പിടിക്കുന്നതോടൊപ്പം കൊല്ലരുത് എന്ന കൽപ്പനയെ പരിപാവനമായാണ് സഭ കരുതുന്നത്. വൈദ്യശാസ്ത്രരംഗത്ത് ഉൾപ്പെടെ ഈ മൂല്യങ്ങളാണ് ഞങ്ങളെ ഇക്കാലമത്രയും നയിച്ചത്. ഞങ്ങൾക്ക് അത് നിസാരമായി ഉപേക്ഷിക്കാനാവില്ല.
മനുഷ്യരുടെ അന്തസ് ഉയർത്തിപ്പിടക്കണമെന്നത് കൈസ്തവ വിശ്വാസത്തിന്റെ മാത്രം കാഴ്ചപ്പാടല്ല. മറിച്ച് മിക്ക രാജ്യങ്ങളുടെയും നിയമവ്യവസ്ഥകളും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും വേൾഡ് മെഡിക്കൽ അസോസിയേഷൻ എത്തിക്‌സുമെല്ലാം മനുഷ്യരുടെ ജീവനും അന്തസിനും മൂല്യം കൽപ്പിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ (ചില സംസ്ഥാനങ്ങളിൽ) ദയാവധത്തിന് നിയമസാധുത നൽകിയിട്ട് അധികനാളായിട്ടില്ല. എന്നാൽ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതൽപേരിൽ ഈ നിയമം പ്രയോഗിക്കപ്പെട്ടു എന്നതാണ് വാസ്തവം. ഈ നിയമം വളരേമുമ്പ് നടപ്പാക്കിയ രാജ്യങ്ങളിലേക്ക് നോക്കിയാൽ, ദയാവധ നിയമം ദുരുപയോഗിക്കപ്പെടുന്നത് വ്യക്തമാകും. ദയാവധം അനുവദിക്കപ്പെട്ടാൽ ഈ സാഹചര്യം ഓസ്‌ട്രേലിയയിലും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.