രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഷിരൂരിൽ പരിശോധനക്ക് എത്തിയ നേവി സംഘം മടങ്ങി
മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങൾ മേഖലയിൽ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാൽ അപകട സ്ഥലത്തുള്ളത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ്.
ഇതിനിടെ ഷിരൂരിൽ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് ദൗത്യം തുടരണമെന്ന് റിട്ട. മേജർ എം. ഇന്ദ്രബാലൻ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്നുള്ള ടെക്നിക്കൽ സംഘം ഷിരൂരിൽ എത്തും. ആറ് നോട്ടിൽ കൂടുതൽ അടിയൊഴുക്കുള്ള ഗംഗാവലിയിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണ്ണ് നീക്കത്തിനും വെല്ലുവിളികളേറെയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ പ്രതികരിച്ചു. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി.
അതേസമയം അർജുനയുള്ള തിരച്ചിൽ 14-ാം ദിനത്തിലേക്ക് കടക്കുമ്പോഴും പ്രതികൂല കാലാവസ്ഥ വെല്ലുവിളി ഉയർത്തുകയാണ്. പുഴയിലെ കുത്തൊഴുക്കും ചെളിയും ദൗത്യത്തിന് പ്രതിസന്ധിയാണ്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം ഇന്ന് നദിയിൽ പരിശോധന നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം ഷിരൂരിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഗതാഗത നിയന്ത്രണം തുടരും. തൽക്കാലം ദേശീയപാതയിലെ ഗതാഗതം തൽക്കാലം പുനഃസ്ഥാപിക്കില്ല.