വീട്ടില്‍ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക്; നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്
മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസമാണ് നിപ സ്ഥിരികരിച്ച പതിനാലുകാരന്‍ മരിച്ചത്. ജൂലൈ 11 മുതല്‍ 15 വരെയുള്ള റൂട്ട് മാപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത് ജൂലൈ 11മുതല്‍ 19വരെയുള്ള റൂട്ട് മാപ്പാണ്. പുതിയ മാപ്പില്‍ പറയുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണെമന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
പുതിയ റൂട്ട് മാപ്പ്:
ജൂലൈ 11ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി 6.50ന് ചെമ്പ്രശ്ശേരി ബസ്റ്റോപ്പിലെത്തി സിപിബി സ്വകാര്യ ബസില്‍ യാത്ര ചെയ്ത് പാണ്ടിക്കാടുള്ള ബ്രൈറ്റ് ട്യൂഷന്‍ സെന്ററിലെത്തി. 7.18am to 8.30am വരെ അവിടെ ഉണ്ടായിരുന്നു. പിന്നീട് അവിടെ നിന്ന് വീട്ടിലേക്ക് തിരികെ പോയി.
ജൂലൈ 12ന് രാവിലെ 7.50ന് ഓട്ടോറിക്ഷയില്‍ ഡോ. വിജയന്‍ ക്ലിനിക്കിലെത്തി. 8 മണി മുതല്‍ 8.30വെര അവിടെ ഉണ്ടായിരുന്നു.ശേഷം തിരികെ വീട്ടിലേക്ക ഓട്ടോറിക്ഷിലാണ് യാത്ര ചെയ്തത്.
ജൂലൈ 13ന് വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പികെഎം ഹോസ്പിറ്റലില്‍ പോയി. 7.50 മുതല്‍ 8.30വരെ കുട്ടികളുടെ ഒപിയിലുണ്ടായിരുന്നു. 8.30 മുതല്‍ 8.45വരെ കാഷ്വാലിറ്റി, 8.45 മുതല്‍ 9.50വരെ നിരീക്ഷണ മുറി, 9.50 മുതല്‍ 10.15വരെ കുട്ടികളുടെ ഒപി. 10.15 മുതല്‍ 10.30വരെ കാന്റീനിലും കുട്ടി ഉണ്ടായിരുന്നു. അവിടെ നിന്ന് തിരികെ വീട്ടിലേക്ക് ഓട്ടോറിക്ഷയിലാണ് പോയത്.
ജൂലൈ 14-ാം തീയതി വീട്ടില്‍ തന്നെയായിരുന്നു.
ജൂലൈ 15-ാം തീയതി വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് പികെഎം ഹോസ്പിറ്റലില്‍ എത്തിയത്. 7.15 മുതല്‍ 7.50വരെ കാഷ്വാലിറ്റിയിലുണ്ടായിരുന്നു. 7.50 മുതല്‍ വൈകുന്നേരം 6.20വരെ ആശുപത്രി മുറിയിലായിരുന്നു. അവിടെ നിന്ന് 6.20ന് ആംബുലന്‍സില്‍ മൗലാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. 6.50 മുതല്‍ 8.10വരെ മൗലാന ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്നു. 8.10 മുതല്‍ 8.50വരെ എംആര്‍ഐ മുറിയിലുണ്ടായിരുന്നു. 8.50 മുതല്‍ 9.15 വരെ എമര്‍ജന്‍സി വിഭാഗത്തിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. 9.15 മുതല്‍ 17-ാം തീയതി വൈകുന്നേരം 7.37 വരെ കുട്ടി പീഡിയാട്രിക് ഐസിയുവില്‍ ആയിരുന്നു. 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറിയില്‍ കുട്ടി ഉണ്ടായിരുന്നു. 8.20 മുതല്‍ 19-ാം തീയതി വൈകുന്നേരം 5.30വരെ കുട്ടി പീഡിയാട്രിക് ഐസിയുവിലായിരുന്നു.
ജൂലൈ 19-ാം തീയതി വൈകുന്നേരം 5.30ന് ആംബുലന്‍സില്‍ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം കുട്ടിയുമായി സമ്പർക്കത്തില്‍ വന്ന ഒമ്പത് പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുക. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്.
മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അംഗ ടീം പാണ്ടിക്കാടും 80 അംഗ ടീം ആനക്കയത്തും വീടുകൾ കയറിയുള്ള സർവേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് കൗൺസലിംഗ് നൽകി വരുന്നുണ്ട്. മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസലിംഗ് നൽകും. നിപ മാപ്പിൽ ഉൾപെട്ടവർക്ക് ആശങ്ക വേണ്ട. മുൻകരുതലിന്റെ ഭാഗമായി ആണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ ദയവായി അറിയിക്കണം. 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പിൻറെ നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍:0483-2732010, 0483-2732050, 0483-2732060, 0483-2732090.