രണ്ടു ദിവസം കൊണ്ട് ഇരട്ടയാർ അണക്കെട്ടിൽ നിന്നും നീക്കിയത് 1600 കിലോ മാലിന്യം.
ശക്തമാഴ മഴയിൽ പല ഭാഗത്തു നിന്നും ഇരട്ടയാർ ഡാമിൽ വൻ തോതിൽ മാലിന്യം
വന്നടിഞ്ഞപ്പോൾ അവ നീക്കം ചെയ്യാൻ ഇറങ്ങിയ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ഇരട്ടയാറിലെ ഹരിതകർമസേനയ്ക്കും ലഭിച്ചത് 1600 കിലോ മാലിന്യം.
വിവിധതരം പ്ലാസ്റ്റിക്കുകൾ, ചില്ല്-പ്ലാസ്റ്റിക് കുപ്പികൾ, തെർമോക്കോൾ തുടങ്ങിയവയെല്ലാമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇവയെല്ലാമാണ് ആറ് മത്സ്യത്തൊഴിലാളികളും എട്ട് ഹരിതകർമ സേനാംഗങ്ങളും ചേർന്ന് രണ്ടുദിവസംകൊണ്ട് നീക്കം ചെയ്തത്.
മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളുമായിരുന്നു ഇവയിൽ അധികവും.
കമ്പുകൾക്കും ചപ്പുചവറുകൾക്കുമൊപ്പം ഇത്തരം മാലിന്യങ്ങൾ കൂടി എത്തിയതോടെ അണക്കെട്ടിന്റെ ഭൂരിഭാഗം ഇവകൊണ്ട് നിറഞ്ഞു.
ഡാം സേഫ്റ്റി അതോറിറ്റിയാണ് ഇവയെല്ലാം മാറ്റേണ്ടതെങ്കിലും മാലിന്യം വിവിധയിടങ്ങളിലായി അടിഞ്ഞുകൂടി പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ചതോടെ പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങുകയായിരുന്നു.
മാലിന്യം ഒഴുകി അഞ്ചുരുളി ജലാശയത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് ഇവ അടിയന്തരമായി നീക്കം ചെയ്യാൻ ഇരട്ടയാർ പഞ്ചായത്ത് തീരുമാനിച്ചത്.
തുടർന്ന് മത്സ്യത്തൊഴിലാളികളുടെയും ഹരിതകർമ സേനയുടെയും സേവനം പ്രയോജനപ്പെടുത്തി. കനത്ത മഴയെയും അവഗണിച്ച് മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങളിൽ സഞ്ചരിച്ച് പ്ലാസ്റ്റിക്, കുപ്പി, തെർമോക്കോൾ എന്നിവയെല്ലാം ഏറെ പ്രയാസപ്പെട്ട് കരയ്ക്കടുപ്പിച്ചത്.
നോബി കാവുങ്കൽ, വിനോദ് ഊരോത്ത്, തങ്കച്ചൻ ആക്കാട്ടുകുന്നേൽ, ബിനോയി കാവുങ്കൽ, ബെന്നി, മനോജ് എന്നിവരാണ് വള്ളത്തിൽ സഞ്ചരിച്ച് മാലിന്യം കരയ്ക്കടുപ്പിച്ചത്.
തീരത്തുനിന്നുതന്നെ ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഇവയെല്ലാം വേർതിരിച്ചാണ് ശേഖരിച്ചത്. ഹരിതകർമ സേനാംഗങ്ങളായ റോസമ്മ തോമസ്, എ.എസ്.അനിത, ജെസി തോമസ്, പ്രിൻസി ജോസഫ്, സെലിൻ വർഗീസ്, രഞ്ചു ജേക്കബ്, ഇ.എസ്.രജനി, ഷാന്റി ഷിജോ എന്നിവർ ചേർന്നാണ് ഇവ തരംതിരിച്ചത്. പ്ലാസ്റ്റിക്കിനൊപ്പം പലവിധ മാലിന്യങ്ങൾ ഉണ്ടായിരുന്നത് ഇവരെ ബുദ്ധിമുട്ടിച്ചു.
തരംതിരിച്ച മാലിന്യം എംസിഎഫിൽ എത്തിച്ചശേഷം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നടപടിയെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, സെക്രട്ടറി എൻ.ആർ.ശിവദാസ്, ഹരിതകർമസേനാ പഞ്ചായത്ത് കോഓർഡിനേറ്റർ എബി വർഗീസ്, ജോയി വർഗീസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനം.
അണക്കെട്ടിൽ നിന്ന് മത്സ്യബന്ധനം നടത്താൻ അനുമതിയുള്ള മത്സ്യത്തൊഴിലാളികളും മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മികവാർന്ന സേവനം കാഴ്ചവയ്ക്കുന്ന ഹരിതകർമ സേനയും ഒരുമയോടെ പ്രവർത്തിച്ച് പഞ്ചായത്തിലെ പകർച്ചവ്യാധി ഭീഷണിയാണ് ഒഴിവാക്കിയത്.