കർണാടക അങ്കോല മണ്ണിടിച്ചിൽ; ശക്തമായ മഴ; തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു


കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് എൻഡിആർഎഫും പൊലീസും താത്കാലികമായി തെരച്ചിൽ നിർത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ മാത്രമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തെരച്ചിലിനായി നാവികസേനയെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി. ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശി അർജുൻ എന്നയാളെ മൂന്ന് ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ ട്വന്റിഫോറിനോട് പറഞ്ഞു.