രക്ഷിതാക്കൾ പ്രത്യക്ഷ സമരത്തിന്
സർക്കാർ സ്കൂളിൽ നിന്നും അനധികൃതമായി കുട്ടികളെ മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ.
ഇരട്ടയാർ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈ സ്ക്കൂളിലെ രക്ഷിതാക്കളാണ് ജൂലൈ 15ന് രാവിലെ 10 മണിക്ക് കട്ടപ്പന ജില്ല വിദ്യാഭാസ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തുന്നത്.
കുട്ടികളെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഒരു മാസം കഴിഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി ഒന്നും എടുത്തില്ല. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് സംഭവത്തിനു പിന്നിലെന്ന് ഡിഇഒ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതുവരെയും തുടർ നടപടി ഉണ്ടാകാത്തതിനാലാണ് രക്ഷിതാക്കൾ പ്രത്യക്ഷ പ്രതിഷേധ സമരം നടത്തുന്നതെന്ന് പി ടി എ പ്രസിഡൻ്റ് കെ.ജെ.ഷൈനും പി ടി എ ഭാരവാഹികളും അറിയിച്ചു. ഒരു ഡിവിഷനെ പ്രതിനിധീകരിച്ച് ഒരു രക്ഷിതാവ് എന്ന നിലയിൽ സൂചനസമരത്തിൽ രക്ഷകർത്താക്കൾ പങ്കെടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.
1800 ലധികം കുട്ടികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ഇടുക്കി ഇരട്ടയാറിലെ ഗാന്ധിജി സ്ക്കൂൾ. ജൂൺ പത്തിനാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. പ്രവൃത്തി ദിനമായ ഏഴാം തീയതി വരെ റ്റി സിക്ക് അപേക്ഷിക്കാത്ത അഞ്ചു കുട്ടികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ മറ്റൊരു മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റുകയായിരുന്നു. ഈ കുട്ടികളിലാരും തന്നെ ടിസിക്കായി അപേക്ഷ നൽകിയിരുന്നില്ല. പത്താം തീയതിയും സംഭവം ആവർത്തിച്ചു. സ്കൂളിൽ ഉണ്ടായിരുന്ന കുട്ടിയ്ക്കായും ഓൺ ലൈനിൽ റ്റി സിക്ക് അപേക്ഷ വരുകയും എന്നാൽ കുട്ടിയെ സ്കൂൾ മാറ്റാൻ താല്പര്യമില്ലെന്ന് രക്ഷിതാവ് എഴുതി നല്കുന്ന സ്ഥിതിയും ഉണ്ടായി.
ഇതോടെ സ്ക്കൂൾ അധികൃതർ കട്ടപ്പന ഡിഇഒ യ്ക്ക് പരാതി നൽകി. ഡിഇഒ അവധിയിലായിരുന്ന ദിവസം അദ്ദേഹത്തിൻറെ ലോഗിൻ ഉപയോഗിച്ച് അനധികൃതമായാണ് കുട്ടികളെ മാറ്റിയതെന്ന് കണ്ടെത്തി. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലെ ജൂനിയർ സൂപ്രണ്ടും സെക്ഷൻ ക്ലർക്കുമാണ് ഇതിനു പിന്നിലെന്നും നടപടിയെടുക്കണമെന്നും കാണിച്ച് ഡെപ്യൂട്ടി ഡർറക്ടർക്ക് ഡിഇഒ റിപ്പോർട്ട് നൽകി. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമെടുത്തിട്ടില്ല.
സ്കൂൾ അധികൃതരുടെ പരാതിയിൽ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴ് വാക്കായി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം വേഗത്തിൽ പൂർത്തീകരിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം കട്ടപ്പന ഡിഇഒ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.