സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും


കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സംസ്ഥാന സര്‍ക്കാരും കേസില്‍ ഇന്ന് വാദം അറിയിച്ചേക്കും.
കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി. വിധിയില്‍ പിഴവുണ്ടെന്നും വസ്തുതകളും തെളിവും പരിശോധിക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം എന്നുമാണ് മാത്യൂ കുഴല്‍നാടന്റെ വാദം. വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളിലും തീരുമാനത്തിലും പാളിച്ച പറ്റി. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. വിജിലന്‍സ് കോടതി ജഡ്ജി നിയമത്തിന്റെ ഭാഷയ്ക്കപ്പുറം വ്യതിചലിച്ചു. ഇത് ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് എന്നും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് റിവിഷന്‍ ഹര്‍ജിയിലെ ആവശ്യം.
മാത്യൂ കുഴല്‍നാടൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയിൽ മഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയനും വീണ വിജയനുമെതിരെയാണ് മാത്യൂ കുഴല്‍നാടന്‍ അന്വേഷണം ആവശ്യപ്പെട്ടത്.