നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയില്‍ നീതിയുക്തമായ അന്വേഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു.
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍.’സമീപകാലത്ത് ഏതാനും പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നേരത്തെയും വിവിധ സംസ്ഥാനങ്ങളില്‍ ചോദ്യപ്പേപ്പർ ചോർന്നത് നമ്മള് കണ്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായി ഇക്കാര്യത്തില്‍ ശബ്ദമുയർത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകള്‍ തടയാനായി പാർലമെന്റ് ശക്തമായ നിയമം പാസ്സാക്കിയിട്ടുണ്ട്’ -മുർമു പറഞ്ഞു.
വടക്കുകിഴക്കൻ പ്രദേശങ്ങളിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാൻ സാധിച്ചു. ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യ മുൻകൈയെടുത്തിട്ടുണ്ട്. ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് വെല്ലുവിളികള്‍ ഉയർത്തുന്നതിന്റെ പേരിലല്ല. മറിച്ച് ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുൻകൈയെടുത്തതിന്റെ പേരിലാണ് -രാഷ്ട്രപതി പറഞ്ഞു.