ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സര്‍ക്കാരിന്റെ യൂ ടേണ്‍; സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതുക്കിയ ഉത്തരവിറക്കി


ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ മുന്‍പ് രണ്ടുതവണ സര്‍ക്കാര്‍ ഉത്തരവ് പുതുക്കിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടുപോയിരുന്നെങ്കിലും സിഐടിയു സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസമായി സിഐടിയു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം സിഐടിയു നേതാക്കള്‍ ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുതുക്കിയിരിക്കുന്നത്.
പുതിയ ഉത്തരവിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകളുടെ പരിശോധനയില്‍ അവിടെ ഇന്‍സ്ട്രക്ടറുമാരുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ഇന്‍സ്ട്രക്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.