റവന്യൂ വകുപ്പും പഞ്ചായത്തും കാഴ്ച്ചക്കാര്‍. പെരിയാര്‍ നദി കൈയേറി കെ. ചപ്പാത്തില്‍ ബഹുനില കെട്ടിട നിര്‍മാണം
നൂറുകണക്കിന് കുടിയേറ്റ കര്‍ഷകര്‍ പട്ടയം കാത്ത് കഴിയുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്തില്‍ പുഴ കൈയേറി ബഹുനില കെട്ടി നിര്‍മാണം. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവിലാണ് ചപ്പാത്ത് സിറ്റിയില്‍ വന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്. റവന്യൂ, പഞ്ചായത്ത് അധികൃതരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും പോലും ഇക്കാര്യം കണ്ടിട്ടും കാണാതെ നടക്കുന്നതിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കുടിയേറ്റ പ്രദേശമായ കെ. ചപ്പാത്തില്‍ ഭൂ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ പട്ടയത്തിനായി കര്‍ഷകര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നിരവധി പേര്‍ പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന കിടപ്പാടമിരിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാന്‍ അപേക്ഷയും നല്‍കി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുമ്പോഴാണ് ഒരു രേഖയുമില്ലാതെ പെരിയാര്‍ നദി കൈയേറി ഇപ്പോള്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന പെരിയാര്‍ നദിയുടെ പ്രധാന ഭാഗമാണ് കെ. ചപ്പാത്ത് പ്രദേശം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ അടക്കം നടന്നതോടെയാണ് ചപ്പാത്ത് ശ്രദ്ധ നേടുന്നത്.
ഇവിടെയാണ് ഇപ്പോള്‍ ടൗണില്‍ തന്നെ പുഴ കൈയേറി വന്‍ നിര്‍മാണം നടന്നു വരുന്നത്. മഴ അല്‍പം ശക്തമായാല്‍ ചപ്പാത്ത് ടൗണില്‍ അടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. 2018ലെ പ്രളയത്തിലും പിന്നീടുള്ള ഓരോ മഴക്കാലത്തും ചപ്പാത്ത് ടൗണ്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ഇവിടെ പെരിയാര്‍ പുഴയില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.
പുഴയിലെ കൈയേറ്റം വര്‍ധിച്ചതാണ് വെള്ളം പൊങ്ങുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും. സാഹചര്യം ഇങ്ങനെ നില്‍ക്കെയാണ് വീണ്ടും പുഴ കൈയേറി ബഹു നില കെട്ടിടങ്ങള്‍ ഇവിടെ ഉയരുന്നത്. പട്ടാപ്പകല്‍ നാട്ടുകാരെ സാക്ഷിയാക്കി നടക്കുന്ന വന്‍കിട കൈയേറ്റം പഞ്ചായത്ത്, റവന്യൂ വകുപ്പുകള്‍ അറിഞ്ഞില്ലെന്നമട്ടു നടിക്കുന്നതാണ് നാട്ടുകാരെയും ആശങ്കയിലാക്കുന്നത്.
നിലവില്‍ കൈയേറ്റം നടക്കുന്ന സ്ഥലത്തിന് സമീപം പരപ്പില്‍ ഏതാും നാളുകള്‍ മുമ്പ് പുഴയുടെ തീരത്തല്ലാതിരുന്ന ഒരു കെട്ടിടം റവന്യൂ സംഘം കൈയേറ്റമാണെന്ന് കാരണം കാട്ടി റ പൊളിച്ചു നീക്കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. ഇതിന് തൊട്ടടുത്ത് ഇത്ര വലിയ പുഴ കൈയേറ്റം നടന്നിട്ടും റവന്യൂ സംഘം കണ്ടില്ലെന്നു നടിക്കുന്നതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. നിത്യേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനോട് ചേര്‍ന്നാണ് പുഴ കൈയേറിയുള്ള ബഹുനില കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലാണ് ഇത്തരത്തില്‍ വന്‍കിട കൈയേറ്റം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. കൈയേറ്റത്തിനെതിരെ ഭരണ പക്ഷം നിശബ്ദത പാലിക്കുമ്പോള്‍ പ്രതിപക്ഷവും മൗനം തുടരുകയാണ്.
.