നിർമാണം നിലച്ച ആമപാറ സൗരോർജ വൈദ്യുത;നിലയം സാമൂഹിക വിരുദ്ധരുടെ താവളം
ഇടുക്കി: നിർമാണം തുടങ്ങി മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാതെ ആമപ്പാറയിലെ അനർട്ടിന്റെ അക്ഷയ ഹൈബ്രിഡ് സൗരോർജ വൈദ്യുത നിലയം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ഉപേക്ഷിച്ച അവസ്ഥയിലാണ്. സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേ സമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിൽ സോളാർ പാനലുകൾ പോലും ഇതുവരെ പൂർണമായി സ്ഥാപിക്കാനായിട്ടില്ല.
നിർമാണ ചുമതലയുള്ള സി-ഡാക്കിന്റെയും ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കെൽട്രോണിന്റെയും മെല്ലെപ്പോക്ക് മൂലം ഇതുവരെയും ഒരു രൂപയുടെ വൈദ്യുതി പോലും നിലയത്തിൽ നിന്ന് ഉത്പാദിപ്പിക്കാനായിട്ടില്ല. പദ്ധതി പൂർത്തീകരിക്കേണ്ട എജൻസിയുടെ അലംഭാവം മൂലം കോടികളുടെ നഷ്ടമാണ് സർക്കാരിന് ഓരോ ദിവസം ഉണ്ടാകുന്നത്. മുൻ വൈദ്യുതി മന്ത്രിയായ എം.എം.മണി 2018 മെയ് 20-നാണ് അക്ഷയ സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം രാമക്കൽമെട്ടിൽ നിർവഹിച്ചത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കി പദ്ധതിയിൽ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നും, അടുത്ത രണ്ട് വർഷംകൊണ്ട് പ്രദേശത്ത് കാറ്റാടികൾകൂടി സ്ഥാപിച്ച് പദ്ധതി മൂന്ന് മെഗാവാട്ടായി ഉയർത്തുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാലിത് ഇന്നും പ്രഖ്യാപനമായി തന്നെ തുടരുകയാണ്. മുടങ്ങിക്കിടന്നിരുന്ന പദ്ധതിയുടെ നിർമാണ ജോലികൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പാണ് വീണ്ടും പുനരാരംഭിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം.മണിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രദേശത്തെ വാർഡ് മെമ്പറും പദ്ധതി തങ്ങളുടെ നേട്ടങ്ങളായി ഉയർത്തികാട്ടിയിരുന്നു.
പദ്ധതി ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തികം ട്രയൽ റൺ നടത്തുമെന്നായിരുന്നു അനർട്ടിന്റെ പ്രഖ്യാപനം. എന്നാൽ മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും ട്രയൽ റൺനടത്താനായിട്ടില്ല. വെദ്യുതി കൊണ്ടുപോകാനുള്ള പ്രത്യേകം ഫീഡർ പ്രവർത്തന സജ്ജമാവത്തതും, വൈദ്യുതി സംഭരണത്തിനുള്ള ബാറ്ററി സ്ഥാപികാത്തതുമാണ് ട്രയൽറൺ വൈകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നുത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഇൻവേർട്ടർ സംവിധാനമാണ് വൈദ്യുതി വിതരണ ക്രമീകരണത്തിന് ഉപയോഗിക്കാൻ അനർട്ട് തീരുമാനിച്ചത്.
ഊർജ്ജ വിതരണത്തിലെ അസ്ഥിരത മൂലം വിതരണ ശൃംഖലയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാലിവയൊന്നും ഇതുവരെയും ആമപ്പാറയിലെ നിലയത്തിൽ സജ്ജമായിട്ടില്ല. 2019-നവംബറിലും, 2020-ഡിസംബറിലും ട്രയൽ റണ്ണുകൾ നടത്തുമെന്ന് അനർട്ട് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ഇവ നടന്നില്ല. നിലവിൽ വരുന്ന ഓഗസ്റ്റിൽ ട്രയൽറൺ നടത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇനിയും ബാക്കിനിർക്കെ ഇത് നടക്കുമെയെന്നതിലും ഉറപ്പില്ല. പദ്ധതി ആരംഭിച്ചതിന് ശേഷം പ്രദേശത്ത് അൻപതോളം സോളാർ പാനലുകളും, വൈദ്യുതി നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കെട്ടിടവും നിർമിച്ചിരുന്നു. ആമപ്പാറയിൽ നിർമിച്ച കെട്ടിടത്തിന് മുകളിൽ സൂര്യനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പഠിക്കുന്നതിന് ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് രണ്ട് വർഷത്തേക്ക് അനർട്ടോ, നിർമാണ ഏജൻസിയോ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയില്ല.പദ്ധതി പ്രദേശത്തിന് ചുറ്റും ഫെൻസിങ് നടത്തുമെന്ന് അനർട്ട് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും ഇതും നടപ്പായില്ല. ഇതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി സൗരോർജ വൈദ്യുത നിലയം മാറി.
സാമൂഹികവിരുദ്ധരുടെ അക്രമത്തിൽ ലക്ഷങ്ങൾ വിലവരുന്ന ഇരുപതിലേറെ സോളാർ പനലുകളാണ് 2020-ൽ തകർക്കപ്പെട്ടത്. കൂടാതെ പ്രകൃതിക്ഷോഭങ്ങളിൽ രണ്ട് തവണയായി പത്തോളം സോളാർ പാനലുകൾ പറന്നുപോവുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയ ഉപകരാറുകളിലും നിലയത്തിലെ സുരക്ഷാ ജീവനക്കാരന്റെ നിയമനത്തിലും അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. ചില ജനപ്രതിനിധികളുമായി അടുത്ത ബന്ധമുള്ളവരാണ് ബിനാമിയെ ഉപയോഗിച്ച് ഉപകരാർ നേടിയെടുത്തതെന്നും ആക്ഷേപമുണ്ട്.