ആശ്രയങ്ങള്‍ അറ്റ് ജീവിതം വീല്‍ചെയറിലേക്ക് ചുരുങ്ങിയെങ്കിലും മനോധൈര്യം കൊണ്ട് ഉപജീവനം കഴിക്കാന്‍ പാടുപെടുകയാണ് 35 കാരിയായ യുവതി.
പീരുമേട് റാണികോവില്‍ പോള്‍ദാസ്- അന്ന തങ്കം ദമ്പതികളുടെ മകള്‍ ഷീബയാണ് അന്നന്നത്തെ അന്നത്തിനും മരുന്നിനുമായി തളര്‍ന്നു പോയ ശരീരവുമായി പാടു പെടുന്നത്.
പോള്‍ ദാസിന്റെയും അന്ന തങ്കത്തിന്റെയും രണ്ടാമത്തെ മകളായ ഷീബയ്ക്ക് ജന്‍മനാ നട്ടെല്ലില്‍ മുഴയുണ്ടായിരുന്നു. ഇതിന്റെ ചികിത്സകള്‍ക്കായി മാത്രം ലക്ഷങ്ങളാണ് ദമ്പതികള്‍ക്ക് ചിലവായത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്‌തെങ്കിലും ഷീബയുടെ അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയി. ഇതോടെ ജീവിതം ഒരു വില്‍ചെയറിലേക്ക് ഒതുങ്ങി. മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ചികിത്സയ്ക്കായി ചിലവാക്കി.
എന്നാല്‍ ഇരുവരും വൃദ്ധരായി തൊഴിലെടുക്കാന്‍ കഴിയാതെ വന്നതോടെ അന്നന്നത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണണ്ടി വന്നു. ഇതോടെയാണ് ഷീബ സ്വയം തൊഴില്‍ എന്ന നിലയില്‍ മെഴുകുതിരി, പേപ്പര്‍ പേന എന്നിവ നിര്‍മിച്ച് ഉപജീവനമാര്‍ഗം തേടാന്‍ തുടങ്ങിയത്.
ആരാധനാലയങ്ങളിലും പെരുന്നാളുകളിലും തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാണ് ഷീബ ഇപ്പോള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതും തനിക്കുള്ള മരുന്നുകള്‍ വാങ്ങുന്നതും. തന്റെ വികലാംഗ പെന്‍ഷനും മാതാപിതാക്കളുടെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് മറ്റു വരുമാനം. ഒരു മാസം തനിക്കുള്ള മരുന്നു വാങ്ങാന്‍ മാത്രം 3000 രൂപയോളം വേണ്ടി വരുമെന്ന് ഷീബ പറയുന്നു. വീട്ടിലെ ചിലവുകളും മാതാപിതാക്കളുടെ മരുന്നും മറ്റ് ആവശ്യങ്ങളും വേറെ.
മെഴുകുതിരി നിര്‍മാണത്തിന് നല്ലൊരു അച്ച് വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതും സാധ്യമായിട്ടില്ല. തുടര്‍ ചികിത്സയ്ക്കും ഉപജീവന മാര്‍ഗം വിപുലമാക്കുന്നതിനും സുമനസുകളുടെ കരുണ തേടുകയാണ് ഈ യുവതി. എസ്.ബി.ഐ പീരുമേട് ബ്രാഞ്ചില്‍ ഷീബ മേരി എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 33033619983. ഐ.എഫ്.എസ്.സി- എസ്.ബി.ഐ.എന്‍0070109.