തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നു
*പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും അവസരം.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർ പട്ടികയുടെ സംഷിപ്ത പുതുക്കൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലേയും കരട് വോട്ടർ പട്ടിക ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ്, താലൂക്ക് ഓഫീസുകളിലും, sec.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതി 2024 ജനുവരി 1 ആണ്. പുതുതായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് 2024 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതിയാകും. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോം നം.4, തിരുത്തലുകൾക്കായി ഫോം. നം 6 ലും, ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനോ ഫോം. നം 7 ലും , കരട് വോട്ടർപട്ടികയിൻമേലുള്ള ആക്ഷേപങ്ങൾ ഫോം. നം 5 ലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ sec.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് നേരിട്ടും സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ ഈ മാസം 21 വരെ സ്വീകരിക്കും.വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ അപേക്ഷകളിൻമേൽ സ്വീകരിക്കുന്ന നടപടിക്കെതിരെ അപേക്ഷകർക്ക് ഉത്തരവ് തിയതി മുതൽ 15 ദിവസത്തിനകം അപ്പീൽ അധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇടുക്കിക്ക് അപ്പീൽ നൽകാവുന്നതാണ്.