പരിസ്ഥിതി പരിപാലനത്തിന് ‘ത്രീആര്‍’ സിദ്ധാന്തവുമായി ഇന്‍ഫാം


കാഞ്ഞിരപ്പള്ളി: പരിസ്ഥിതി പരിപാലനത്തിനുവേണ്ടി ത്രീആര്‍ സിദ്ധാന്തം (3 R ) പരിശീലിക്കാന്‍ സംഘടനാംഗങ്ങളോട് ആഹ്വാനം ചെയ്ത് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റെഡ്യൂസ്, റീ യൂസ്, റീസൈക്കിള്‍ – കുറച്ചുപയോഗിക്കുക, വീണ്ടും ഉപയോഗിക്കുക, പുനര്‍ നിര്‍മിക്കുക എന്നിവ ഇന്‍ഫാം അംഗങ്ങള്‍ വ്യക്തിപരമായി പരിശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനാപരമായി ഭൂമി പുനര്‍ജീവനത്തിനായി ജൈവ വളങ്ങളും, മരുഭൂമി വല്‍ക്കരണത്തെ തടയാന്‍ കാര്‍ഷിക വനവല്‍ക്കരണവും ആഗോളതാപനത്തെ തടയാന്‍ വിളക്ക് അണയ്ക്കലും വരള്‍ച്ചയെ തടയാന്‍ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികളും ആവിഷ്‌കരിച്ചുകൊണ്ട് ഇന്‍ഫാം കര്‍മനിരതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷതവഹിച്ചു. താലൂക്കുതല തൈവിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് രക്ഷാധികാരി ഇമ്മാനുവേല്‍ മടുക്കക്കുഴി നിര്‍വഹിച്ചു. താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.എസ്. മാത്യു മാമ്പറമ്പില്‍, ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി പരിസ്ഥിതി സംരക്ഷണം മനുഷ്യകേന്ദ്രീകൃതമായി പുനര്‍ നിര്‍വചിക്കണം എന്ന ആശയവുമായി നടത്തിയ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ മുത്തോലപുരം ഉദ്ഘാടനം ചെയ്തു.