ചെലവൂര്‍ വേണു അന്തരിച്ചു
ചലച്ചിത്ര- മാധ്യമ പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ വേണു ആറ് പതിറ്റാണ്ടിലധികമായി സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമാണ്. മാര്‍ച്ച് ഒന്നിനാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.
കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനിയുടെ ജനറല്‍ സെക്രട്ടറിയാണ്. ഉള്ളടക്കത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. ടെലിവിഷന്‍ സീരിയലുകളും നിര്‍മിച്ചിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കവേ ‘ഉമ്മ’ സിനിമയുടെ നിരൂപണമെഴുതിയാണ് തുടക്കം. സാംസ്‌കാരിക മാഗസിനായ യുവഭാവനയാണ് ആദ്യ പ്രസിദ്ധീകരണം.സംവിധായകന്‍ രാമുകാര്യാട്ടിന്റെ അസിറ്റന്റായി കുറച്ച് കാലം പ്രവര്‍ത്തിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങി. മലയാളത്തിലെ ആദ്യ സ്പോട്സ് മാസികയായ സ്റ്റേഡിയം, ആദ്യ മനശാസ്ത്ര മാസിക സൈക്കോ, വനിതാ പ്രസിദ്ധീകരണമായ രൂപകല, രാഷ്ട്രീയ വാര്‍ത്തകള്‍ക്കായുള്ള സെര്‍ച്ച് ലൈറ്റ്, നഗര വിശേഷങ്ങള്‍ പരിചയപ്പെടുത്തിയ സിറ്റി മാഗസിന്‍, സായാഹ്ന പത്രമായ വര്‍ത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു. ഇടത് വിദ്യാര്‍ഥി സംഘടനയായ കെഎസ്എഫിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. കെഎസ്വൈഎഫിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചു.
1970ല്‍ അശ്വനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ക്ലാസിക് സിനിമകളുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയത്. പൂനെ ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്നും വിദേശ രാജ്യങ്ങളുടെ എംബസിയില്‍ നിന്നും സിനിമകള്‍ വരുത്തിച്ച് തിയേറ്ററുകള്‍ വാടകയ്ക്കെടുത്ത് പ്രദര്‍ശിപ്പിച്ചു. നിരവധി ചലച്ചിത്ര മേളകളും സംഘടിപ്പിച്ചു. ജോണ്‍ എബ്രഹാം, അരവിന്ദന്‍, ടിവി ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ പിന്തുണയുമായി ഒപ്പമുണ്ടായി.
ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. ഗോപിനാഥിന്റെ ‘ ഇത്രമാത്രം’ സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. ചലിച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അംഗം, ടെലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജ്യണല്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.
വേണുവിന്റെ ജീവിതം പ്രമേയമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ‘ചെലവൂര്‍ വേണു-ജീവിതകാലം’ ഡോക്യുമെന്ററി പുറത്തിറക്കി. ഭാര്യ: സുകന്യ(റിട്ട. സെക്രട്ടറിയറ്റ് ജീവനക്കാരി).