സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളിൽ നേരത്തേ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 02-06-2024 വരെ തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് അറിയിക്കുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നുണ്ട്. കോട്ടയത്ത് മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ട്. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് വടവാതൂരിലാണ്. 100 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പുയർന്നതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.