കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്; നാലുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്
തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു.ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.മെയ് 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.മഴ ശക്തമാകുമെന്നതിനാല്‍ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം കേരളത്തില്‍ കഴിഞ്ഞ ദിവസം കാലവർഷം എത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
ജൂണ്‍ നാലുവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ശക്തമായ പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് നിലനില്‍ക്കുന്നതിനാല്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ലക്ഷദ്വീപ് തീരത്തും തെക്കൻ കേരളതീരത്തും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുന്നതോടൊപ്പം കടലില്‍ പോകരുതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്