‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, അമിതവേഗം പാടില്ല’; KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ


KSRTC ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്. ജോലിയിൽ കൃത്യനിഷ്‌ഠ പാലിക്കണം. രണ്ടുബസുകൾ സമാന്തരമായി നിർത്തരുത്. ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടിയെന്നും മന്ത്രി അറിയിച്ചു.
അതേസമയം തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ തൃശൂരിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി.
ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ വി ഷിജിത്ത്, കണ്ടക്ടർ ടി പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.