മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി; സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ്
കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ എംഎല്‍എ അഡ്വ. കെ എം സച്ചിന്‍ ദേവിനെതിരെ സാക്ഷിമൊഴി. ബസിനകത്ത് കയറിയ എംഎല്‍എ ബസ് തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടറും യാത്രക്കാരും പൊലീസിന് മൊഴി നല്‍കി. ബസിനുള്ളില്‍ ഇരുന്ന് ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ കാറില്‍ ഉള്ളയാള്‍ക്ക് കാണാനാകുമോ എന്നറിയാന്‍ പൊലീസ് നടന്ന സംഭവം പുനരാവിഷ്‌കരിക്കുകയും ചെയ്തു.
സച്ചിന്‍ ദേവ് ബസില്‍ കയറിയ വിവരം കണ്ടക്ടര്‍ ട്രിപ് ഷീറ്റില്‍ രേഖപ്പെടത്തിയിരുന്നു. സര്‍വീസ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന കാരണം കെഎസ്ആര്‍ടിസിയില്‍ അറിയിക്കേണ്ടതിനാല്‍ ആണ് കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതുകൂടി പരിഗണിക്കുമ്പോള്‍ സച്ചിന്‍ ദേവ് സംഭവസമയത്ത് ബസിനുള്ളില്‍ കയറിയെന്നത് വ്യക്തം.
കെഎസ്ആര്‍ടിസിയുടെ സര്‍വീസ് തടസ്സപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും എംഎല്‍എയും മേയറും സഞ്ചരിച്ച കാര്‍ ബസിന് കുറുകെ ഇട്ടിട്ടില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ വീശദീകരണം. എന്നാല്‍ ഇതിനുവിരുദ്ധമായി കാര്‍ കുറുകെ ഇടുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.