“മഴയെത്തും മുൻപേ” മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കിക്കൊണ്ട് കട്ടപ്പന നഗരസഭയും ആരോഗ്യവകുപ്പും
. ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തോടനുബന്ധിച്ചു മെയ് 16 മുതൽ ആദ്യഘട്ടമായി ബോധവൽക്കരണ പരിപാടികളും പ്രത്യേക പരിശോധനകളും നടത്തും.
എല്ലാ വർഷവും മെയ് 16 ദേശീയ ഡെങ്കുദിനമായി ആചരിച്ചുവരുന്നു. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. സാമൂഹ്യ പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം പ്രതിരോധം വീട്ടിൽ നിന്നും ആരംഭിക്കാം” എന്നതാണ് ഈ വർഷത്തെ സന്ദേശം..
ഡെങ്കിപ്പനി* അറിയേണ്ടത്.. *
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക ,ശരീര തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ
സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
മേൽ പറഞ്ഞ പല ലക്ഷണങ്ങളും രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാൽ പ്രത്യേകം ശ്രദ്ധിക്കുക.
പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂർണ്ണ വിശ്രമം തുടരുക, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിരോധം പ്രധാനം.
ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗ്ഗം. വീടിനുള്ളിലും, വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ഓരോ വ്യക്തിയും തന്റെ വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് ഇത്തരം കൊതുകു വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഡെങ്കിപ്പനിയെ നമുക്ക് ഇല്ലാതാക്കാൻ കഴിയും.ഇതിനായി ഞായറാഴ്ചകളിൽ വീടുകളിലും, വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
കൊതുകുവളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷിതമാർഗ്ഗങ്ങൾ സ്വീകരിച്ചും ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ കഴിയും. ഡെങ്കിപ്പനി നിയന്ത്രണം ഓരോ പൗരന്റെയും കടമയായി നമുക്ക് ഏറ്റെടുക്കാം. പൊതുജനാരോഗ്യനിയമം പാലിച്ചുകൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഓരോരുത്തരും ഉറവിടനശീകരണവും പരിസരശുചിത്വവും പാലിച്ചുകൊണ്ട്. ആരോഗ്യമുള്ള നാടിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
എന്ന്
സൂപ്രണ്ട്
താലൂക്ക് ആശുപത്രി കട്ടപ്പന