കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി


പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്തണം. അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം.
വീടുകൾ കയറിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ച് ബിജെപി നേതൃത്വം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. അതേസമയം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്.
രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.
ഇന്ന് വൈകിട്ട് സൗത്ത് ഡൽഹിയിൽ നടക്കുന്ന ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാർട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.