യുവാൾക്കൾക്കെതിരെ കള്ളക്കേസ് എടുത്ത് മർദിച്ച കേസിൽ എസ്.ഐ യും സി.പി.ഒ യും സസ്പെൻഷനിലായ സംഭവത്തിൽ നേരിട്ടത് അതിക്രൂരമായ പോലീസ് മർദനമെന്ന് 18 കാരൻ.


ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി യുവാക്കൾക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ എസ്ഐ എൻ.ജെ സുനേഖ്,സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി സസ്‌പെൻഡ് ചെയ്ത സംഭവത്തിലാണ് കൂടുതൽ വിവരങ്ങളുമായി 18 കാരൻ രംഗത്തു വന്നത്. കേസിൽ അറസ്റ്റിലായ പുളിയന്മല സ്വദേശി മടുകോലിപ്പറമ്പിൽ ആസിഫ് (18) ആണ് മർദന വിവരം വെളിപ്പെടുത്തിയത്. സംഭവ ദിവസം കൂട്ടുകാരനെ കൊണ്ടു വിടുന്നതിനായി രണ്ടു ബൈക്കുകളിലായി തങ്ങൾ നാലുപേർ വരികയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ വാഹനം ലൈറ്റ് ഇട്ടു കാണിച്ചപ്പോൾ മറ്റു ബൈക്കിലുള്ളവരോട് വർത്താനം പറഞ്ഞ് വന്നിരുന്ന ആസിഫും സുഹൃത്തും ഇരട്ടയാറ്റിൽ കാണാമെന്ന് പറഞ്ഞ് മുന്നോട്ടു പോന്നു. ഇത് പോലിസ് ജീപ്പാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നാലെ വന്ന കൂട്ടുകാരനെ കാണാത്തതിനാൽ തിരികെ അന്വേഷിച്ചു ചെന്നു. പഴയ സ്ഥലത്തിറങ്ങി നടന്നു ചെല്ലുമ്പോൾ മനു എന്ന പോലീസുകാരൻ തലമുടിക്ക് പിടിച്ച് വലിച്ചിഴച്ച് പോലീസ് വാഹനത്തിനരുകിലെത്തിച്ചു. തള്ളി അകത്തേയ്ക്കിട്ടപ്പോൾ സുഹൃത്ത് അതിനകത്തിരുന്ന് കരയുന്നതാണ് കാണുന്നത്. ഈ സമയം എസ്.ഐ സുനേഖ് ഡോറിൻ്റെ സൈഡിൽ വന്നു പറഞ്ഞു. ” നീ ഇത്തവണ റിമാൻഡാണ് നോക്കിക്കോ ” . പിന്നീട് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുമ്പോൾ മനുവെന്ന പോലീസുകാരനും എസ്.ഐയും തൻ്റെ അമ്മയെ കുറിച്ച് വളരെ മോശമായി സംസാരിച്ചു. പോലീസ് സ്റ്റേഷന് മുന്നിലെത്തിച്ചതും എസ്.ഐ വന്ന് കരണത്ത് അടിച്ചാണ് അകത്ത് കയറ്റിയത്. പിന്നീട് ഫയൽ റൂമിലെത്തിച്ച ശേഷം എസ്.ഐയും സി.പി.ഒ മനുവിൻ്റെയും നേതൃത്വത്തിൽ അതിക്രൂരമായ മർദനമാണ് അരങ്ങേറിയത്. എസ്.ഐ നടുവിന് ഇടിച്ചിട്ട് രണ്ടു കാലുകൾക്കിടയിലായി ഞെരുക്കിയ ശേഷം പുറത്ത് അതിക്രൂരമായി മർദിച്ചു. നിലത്ത് വീണ് കിടന്ന തന്നെ സി.പി.ഒ മനു ചവിട്ടി. തുടർന്ന് വസ്ത്രങ്ങൾ അഴിച്ച് മാറ്റി പുറത്തിരുന്നു. കുറച്ചു സമയത്തിന് ശേഷം വസ്ത്രം ധരിക്കാൻ നൽകി. കഴിഞ്ഞ തവണ നീ ബൈക്ക് പുറത്തിറക്കി രക്ഷപ്പെട്ടു, ഇത്തവണ അതൊന്ന് കാണണം എന്നു പറഞ്ഞായിരുന്നു ക്രൂരമർദനമെന്ന് ആസീഫ് പറഞ്ഞു.