അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; സുപ്രീംകോടതിയില്‍ തിരിച്ചടിയേറ്റ് ഇ.ഡി


വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം.ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു