ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെ; വിവാദ പരാമർശവുമായി സാം പിട്രോഡ


വിവാദ പരാമർശവുമായി ഓവർസീസ് കോൺഗ്രസ് അധ്യക്ഷനായ സാം പിട്രോഡ. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ചുള്ള പ്രതികരണത്തിനിടയിലുള്ള പരാമർശമാണ് വിവാദമായത്. ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയെന്നും കിഴക്ക് ഉള്ളവർ ചൈനക്കാരെ പോലെയെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെ എന്നും വടക്കുള്ളവർ വെള്ളക്കാരെ പോലെ എന്നുമായിരുന്നു പിട്രോഡയുടെ പരാമർശം.
ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാം പിട്രോഡയുടെ വിവാദ പരാമർശം. പിട്രോഡയുടെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. വർണത്തിന്റെ പേരിൽ കോൺഗ്രസ് ആളുകളെ കാണുന്നുവെന്ന് ബിജെപി വിമർശിച്ചു. പിട്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു.
പിട്രോഡ കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയിലോ താരപ്രചാരക പട്ടികയിലോ ഇല്ല. ഇന്ത്യയിൽ അല്ല അദ്ദേഹം താമസികുന്നത്. അമേരിക്കയിൽ നിന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയിൽ തങ്ങൾക്ക് ബന്ധമില്ല. രാജ്യം അദ്ദേഹം പറയുന്നതിനോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രിയങ്ക ചതുർവേദി പറഞ്ഞു.
പിട്രോഡയ്ക്ക് എതിരെ കോൺഗ്രസും രംഗത്തെത്തി. പിട്രോഡയുടെ പ്രസ്താവന നിർഭാഗ്യകരവും അസ്വികാര്യവുമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കോൺഗ്രസ് പാർട്ടി ഇതിൽ നിന്നും പൂർണമായി വിട്ട് നിൽക്കുന്നു എന്ന് ജയറാം രമേശ് പറഞ്ഞു.