മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രേഖപ്പെടുത്തിയത് 60 ശതമാനത്തിലധികം പോളിങ്; ബംഗാളിൽ പോളിങ് 70 ശതമാനം
ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഏകദേശം 60.76 ശതമാനം പോളിങ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ ഒന്നാം ഘട്ടത്തിൽ (ഏപ്രിൽ 19) 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ (ഏപ്രിൽ 26) 66.71 ശതമാനവും പോളിങ് ആണ് രേഖപ്പെടുത്തി.
ബംഗാളിൽ 73 ശതമാനവും അസമിൽ 75 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. അസം 75.01%, ബീഹാർ 56.50%, ഛത്തീസ്ഗഡ് 66.94%, ഗോവ 74%, ഗുജറാത്ത് 56.19%, കർണാടക 66.75%, മധ്യപ്രദേശ് 62.75%, മഹാരാഷ്ട്ര 53.95%. ഉത്തർപ്രദേശ് 57.03%. പശ്ചിമ ബംഗാൾ 73.93%, ദാദ്ര & നഗർ ഹവേലി, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു 65.23% എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്കൂളിലെത്തി രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയിരുന്നു. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.