വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാൻ ചൈന


വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരുംവർഷങ്ങളിൽ മാറുമെന്നതിന്റെ സൂചനയാണ് ബീജിങ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്. മേയ് നാലിന് പ്രദർശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിന്റെ സൂചനയാണ് ബീജിങ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്.
ഏപ്രിൽ 25-ന് ആരംഭിച്ച വാഹനപ്രദർശനത്തിൽ ആഗോള വാഹനനിർമ്മാതാക്കളും വൈദ്യുത വാഹന സ്റ്റാർട്ടപ്പുകളും പുതിയ മോഡലുകളും കോൺസെപ്ട് കാറുകളും അനാവരണം ചെയ്തു. കാറുകളിൽ നിർമ്മിതബുദ്ധിയെ ആശ്രയിച്ചുള്ള ഓൺലൈൻ കണക്ടിവിറ്റിയാണ് പ്രധാനമായും ചൈനീസ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതെന്നതിനാൽ ടൊയോട്ടയും നിസ്സാനും ചൈനീസ് ടെക്‌നോളജി കമ്പനികളുമായുള്ള കൂട്ടുകെട്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ചൈനയിൽ മൊത്തം വാഹനവിൽപനയുടെ കാൽ ഭാഗത്തോളം വൈദ്യുത വാഹനങ്ങളാണ്. ചൈനയിലെ ഏറ്റവും വലിയ വൈദ്യുത കാർ നിർമ്മാതാക്കളായ ബി വൈ ഡി രണ്ട് ഡ്യുവൽ മോഡ് പ്ലഗ് ഇൻ കാറുകൾ പ്രദർശിപ്പിച്ചു. പൂർണമായും വൈദ്യുതിയിലോ ഹൈബ്രിഡായോ പ്രവർത്തിപ്പിക്കാനാകുന്നവയാണ് അവ. ഇതിനു പുറമേ ഒരു ആഡംബര ഹൈബ്രിഡ് ഓഫ്-റോഡ് എസ് യു വിയും ബി വൈ ഡി പ്രദർശിപ്പിച്ചു.