ഇളയരാജയുടെ പാട്ടുകൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതല്ല: മദ്രാസ് ഹൈക്കോടതി
ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്ക് പാട്ടിൽ അവകാശം ഉന്നയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാനിർമാതാക്കളിൽ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേ ഇളയരാജ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്.
ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടുകൾ എന്ന് എതിർഭാഗം വാദിച്ചു. ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂർണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്നും വരികളില്ലാതെ ഗാനമുണ്ടോയെന്നും കോടതി ചോദിച്ചു.
ഹർജിയിൽ വിശദമായി വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജൂൺ രണ്ടാം വാരം വീണ്ടും കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനുമുമ്പ് ഈ കേസ് പരിഗണിച്ചപ്പോൾ സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.