ജില്ലയില്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു


ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കും.
ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്.
- പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുക, പൊതുയോഗങ്ങളോ റാലികളോ പാടുള്ളതല്ല.
- ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവര്‍ത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.
- ഒരു തരത്തിലുള്ള ലൗഡ്‌സ്പീക്കറും പാടുള്ളതല്ല.
- ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോള്‍ സര്‍വേകളോ ഉള്‍പ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദര്‍ശിപ്പിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യരുത്.
- പോളിങ് സ്‌റ്റേഷനകത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നീരിക്ഷകര്‍, സൂക്ഷ്മ നീരീക്ഷകര്‍, ലോ ആന്‍ഡ് ഓഡര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെ ആരും മൊബൈല്‍ ഫോണും കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
- ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അല്ലാതെ പോളിങ് സ്‌റ്റേഷന്റെ 100 മീറ്റര്‍ പരിധിയില്‍ കോര്‍ഡ്‌ലസ് ഫോണുകളും വയര്‍ലസ് സെറ്റുകളും ഉപയോഗിക്കരുത്.
- തെരഞ്ഞടുപ്പ് ദിനത്തില്‍ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവും സ്ഥാനാര്‍ത്ഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.
- ഒരേ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിയ്ക്ക് പുറത്ത് ഒരു സ്ഥാനാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കുന്നത് പാടുള്ളതല്ല.
- പോളിങ് സ്‌റ്റേഷനിലും പരിധിയിലും റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് 1951 സെക്ഷന്‍ 134 ബി പ്രകാരം നിയമപരമായി അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങള്‍ കൈവശം വെക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല.
വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ ബാധിക്കില്ല.
പോളിങ് സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലെ ഷോപ്പിങ്, സിനിമ തീയറ്ററുകള്‍, തൊഴില്‍, ബിസിനസ്, വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൂട്ടം ചേരാവുന്നതാണ്.
എന്നാല്‍ സംഘര്‍ഷങ്ങളോ ക്രമസമാധാനം തടസപ്പെടുന്ന തരത്തിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടാന്‍ പാടില്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകമല്ല.